പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞു; ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടതും പൊട്ടിത്തെറിച്ച് അപകടം; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലാണ് സംഭവം നടന്നത്. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി അസീസ് സുബൈർകുട്ടി (48) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്ത വരുകയായിരിന്നു അദ്ദേഹം.
ഉറങ്ങാൻ കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണർന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടതും വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു.
പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ധങ്ങൾ മൂലം രണ്ടര വർഷം മുൻപാണ് സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിൽ എത്തിയത്. രണ്ടു പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യ അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.