സൗദിയിൽ ഇനി ഭക്ഷ്യ നിയമം ലംഘിച്ചാൽ പണി ഉറപ്പ്; അരലക്ഷം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനം; നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി അധികൃതർ
റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യ നിയമലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. പുതുക്കിയ നിയമമനുസരിച്ച്, നിയമലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ഈടാക്കും. മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
സ്ഥാപനങ്ങളുടെ വലുപ്പം, സാമ്പത്തിക പ്രവർത്തന രീതി എന്നിവ അടിസ്ഥാനമാക്കി നിയമലംഘനങ്ങൾ തരംതിരിച്ചിട്ടുണ്ട്. ചെറിയ നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പും തിരുത്താനുള്ള അവസരവും നൽകും. എന്നാൽ, ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ നേരിട്ട് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷണ വിതരണം, ജീവനക്കാരുടെ ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ ട്രാക്കിങ്, ഭക്ഷ്യവിഷബാധ നിയന്ത്രണം, മെനുവിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ നിയമലംഘനങ്ങൾ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.