ഇനി സ്‌കൂളുകളുടെ മുന്നിൽ ഇത്തരം പ്രവർത്തി കാണിച്ചാൽ മുട്ടൻ പണി കിട്ടും; സൗദിയിൽ പുകയില ഉൽപ്പന്ന വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി; കടകൾക്കും വിലക്ക്
റിയാദ്: പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കും വിതരണത്തിനും പുതിയതും കർശനവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ച പുതിയ നിയമങ്ങൾ പ്രകാരം, പള്ളികൾ, വിദ്യാലയങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ നിയന്ത്രണങ്ങൾ സിഗരറ്റുകൾ, ഷിഷ, ഇ-സിഗരറ്റുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണ്. രാജ്യത്തുടനീളം ആരോഗ്യകരവും ചിട്ടയായതുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ നഗരപ്രദേശങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിൽ, കുറഞ്ഞത് 36 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യണം. സാധുവായ വാണിജ്യ രജിസ്ട്രേഷൻ, സിവിൽ ഡിഫൻസ് അംഗീകാരം, മുനിസിപ്പൽ ലൈസൻസിംഗ് നിയമങ്ങൾ പാലിക്കൽ എന്നിവ ലൈസൻസ് നേടാൻ നിർബന്ധമാണ്. കടകളിൽ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാമ്പുകൾ, അലാറം, അഗ്നിശമന സംവിധാനങ്ങൾ, സൗദി ബിൽഡിംഗ് കോഡ് അനുസരിച്ചുള്ള ലൈറ്റിംഗ്, വെന്റിലേഷൻ എന്നിവയും അകത്തും പുറത്തും നിരീക്ഷണ ക്യാമറകളും നിർബന്ധമാകും.
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അധികാരം ഉണ്ടായിരിക്കും. പാക്കറ്റുകൾ പൊട്ടിച്ച് ഒറ്റ സിഗരറ്റുകളായോ മറ്റ് ഉൽപ്പന്നങ്ങളോ ചില്ലറയായി വിൽക്കാനും പാടില്ല. വില കുറച്ചോ, സമ്മാനമായോ, സൗജന്യ സാമ്പിളുകളായോ പ്രൊമോഷനൽ ഓഫറുകളുടെ ഭാഗമായോ പുകയില ഉൽപ്പന്നങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. ലൈസൻസിംഗ് വിവരങ്ങൾ വ്യക്തമാക്കുന്ന ക്യൂ.ആർ കോഡ് കടകളിൽ പ്രദർശിപ്പിക്കണം.
പുകയിലയുടെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമാണ്. പുറത്തുള്ള സൈൻ ബോർഡുകളിൽ സ്ഥാപനത്തിന്റെ പേര് മാത്രമേ ഉപയോഗിക്കാവൂ, പരസ്യങ്ങളോ പ്രൊമോഷൻ ലോഗോകളോ അനുവദിക്കില്ല. വെൻഡിംഗ് മെഷീനുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.