തീരപ്രദേശം സംരക്ഷിക്കണം; ജിദ്ദ മുനിസിപ്പാലിറ്റി 15 പുതിയ മറൈൻ ബോട്ടുകൾ കൂടി രംഗത്തിറക്കി; എല്ലാം നിരീക്ഷിച്ച് അധികൃതർ
ജിദ്ദ: ചെങ്കടൽ തീരത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി 15 അത്യാധുനിക മറൈൻ ബോട്ടുകൾ പുറത്തിറക്കി. സൗത്ത് അബ്ഹുറിലെ മുനിസിപ്പാലിറ്റി മറീനയിൽ നടന്ന ചടങ്ങിലാണ് ബോട്ടുകൾ പ്രവർത്തനമാരംഭിച്ചത്. ഈ നീക്കം തീരദേശ നിരീക്ഷണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും വലിയ തോതിലുള്ള ഉണർവ് നൽകും.
സൗദി റെഡ് സീ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഫഹദ് ടുണിസി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റെഡ് സീ അതോറിറ്റിയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും പ്രതിനിധികളുമായി സമുദ്ര നിരീക്ഷണത്തിന്റെ ചുമതല മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതിനുള്ള കരാറുകളിലും ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു.
പുതിയ ബോട്ടുകൾ ഉൾക്കൊള്ളുന്ന സംവിധാനങ്ങളെക്കുറിച്ചും, തീരദേശ സംരക്ഷണ ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, രക്ഷാപ്രവർത്തനങ്ങളിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള വിശദമായ അവതരണവും ചടങ്ങിൽ നടന്നു. തീരദേശ റിസോർട്ടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിരീക്ഷണത്തിനും ഇവ ഉപയോഗപ്പെടുത്തും. ഈ നൂതന നിരീക്ഷണ ബോട്ടുകൾ ഫീൽഡ് നിരീക്ഷണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.