പ്രായമാകുമ്പോഴുള്ള ആശുപത്രിവാസം ഒരുപരിധി വരെ ഒഴിവാക്കാം; 65 വയസ്സിന് മുകളിലുള്ളവര്‍ ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ നിര്‍ബന്ധമായി എടുക്കണം; ഡോ. ബി ഇക്ബാലിന്റെ കുറിപ്പ്
ഡോ. ബി ഇക്ബാലിന്റെ കുറിപ്പ്
തിരുവനന്തപുരം: പ്രായമാകുമ്പോള്‍ സ്വാഭാവികമായും പ്രതിരോധ ശേഷി കുറയുകയും വിവിധ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍, രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കവചമാണ് വാക്‌സിനുകളെന്ന് ആരോഗ്യവിദഗ്ധനും കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാല്‍. 65 വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട രണ്ട് പ്രധാന വാക്‌സിനുകളാണ് ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാര്‍ഷിക ഫ്‌ലൂ വാക്‌സിന്‍ എടുക്കുന്നതിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ഡോ. ഇക്ബാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡോ.ബി. ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വയോജനകാല സംരക്ഷണം: ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ സ്വീകരിക്കുക
ഞാനിന്ന് വാര്‍ഷിക ഫ്‌ലൂ വാക്‌സിന്‍ എടുത്തു. മുതിര്‍ന്ന പൗരര്‍ ആരോഗ്യത്തോടെയിരിക്കാന്‍ ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്. ഫ്‌ലൂ വൈറസിന് നിരന്തരം ജനിതക മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍, ഓരോ വര്‍ഷത്തെയും പുതിയ വൈറസ് ഘടനയ്ക്ക് അനുസരിച്ച് പുതിയ വാക്‌സിന്‍ നിര്‍മ്മിക്കും. സാധാരണയായി സെപ്റ്റംബര്‍ മാസത്തോടെ പുതിയ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകും. 65 വയസ്സിന് മുകളിലുള്ളവര്‍ ഈ ഫ്‌ലൂ വാക്‌സിന്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും എടുക്കണം.
ഇതോടൊപ്പം, ന്യുമോണിയ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള വാക്‌സിനായ ന്യൂമോകോക്കല്‍ വാക്‌സിന്‍ മുന്‍പ്, രണ്ട് ഡോസുകളിലായി (PCV13ഉം PPSV23 ഉം) എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, 20 ജനിതക വിഭാഗങ്ങളെ (സീറോടൈപ്പുകള്‍) പ്രതിരോധിക്കുന്ന Prevnar 20 (PCV20) എന്ന പുതിയ വാക്‌സിന്‍ ലഭ്യമാണ്. ഇത് ഒറ്റത്തവണ എടുത്താല്‍ മതിയാകും, വാക്‌സിനേഷന്‍ ലളിതമാക്കാനും സംരക്ഷണം വിപുലപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഫ്‌ലൂ ബാധിച്ചാല്‍, അതിനു പിന്നാലെ ന്യുമോകോക്കല്‍ ബാക്ടീരിയ മൂലമുള്ള ശ്വാസകോശ രോഗാണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വയോജനങ്ങളില്‍ കടുത്ത രോഗാതുരതയ്ക്ക് വഴിവെക്കും. ആസ്മ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഇത്തരം അണുബാധകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാം. ഇതുകൊണ്ടാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ വാക്‌സിനുകള്‍ നിര്‍ബന്ധമാക്കുന്നത്. പ്രായം കൂടുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വാക്‌സിനുകളോട് പൂര്‍ണ്ണമായി പ്രതികരിച്ചില്ലെന്ന് വരാം. എങ്കില്‍ പോലും, അണുബാധയുണ്ടായാല്‍ രോഗത്തിന്റെ തീവ്രത വളരെ കുറവായിരിക്കും. ആശുപത്രിവാസം പോലുള്ള സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
65 വയസ്സിനു മുകളിലുള്ള എല്ലാവരും വാര്‍ഷിക ഫ്‌ലൂ വാക്‌സിനും, പുതിയ ഒറ്റ ഡോസ് PCV20 വാക്‌സിനും സ്വീകരിച്ച് ആരോഗ്യം സംരക്ഷിക്കുക. ഈ വാക്‌സിനുകള്‍ സാര്‍വത്രിക ഇമ്മ്യൂണൈസേഷന്റെ (Universal Immunisation Program) ഭാഗമാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കണമെന്ന് ജനകീയാരോഗ്യ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വയോജന സംഘടനകളും വയോജന കമ്മീഷനും സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വാക്‌സിനുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ ആവശ്യപ്പെടേണ്ടതാണ്.
