വാഴയിലയില്‍ മാലപോലെ കോര്‍ത്ത് ഇഡലിയും കൂടെ ചട്ണിയും; ഗൂഗിള്‍ ഡൂഡില്‍ ഇഡലി പ്രത്യക്ഷപ്പെട്ട് ദക്ഷിണേന്ത്യക്കാരുടെ സ്വന്തം ഇഡലി; ഇന്നെന്ത ഇഡലി ദിനമാണോയെന്ന് സോഷ്യല്‍ മീഡിയയും
വാഴയിലയില്‍ മാലപോലെ കോര്‍ത്ത് ഇഡലിയും കൂടെ ചട്ണിയും
തിരുവനന്തപുരം: ഇന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്യാനായി ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ എടുത്തവരൊക്കെ ഒന്ന് ഞെട്ടി.. പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാര്‍.. അത..ഡൂഡിളായി നമ്മുടെ സ്വന്തം ഇഡലി. ഇലയില്‍ മാലയില്‍ കോര്‍ത്തപോലെ ഇഡലിയും കൂടെ ഇഡലിയുടെ കോമ്പിനേഷനായ സാമ്പാറും രണ്ട് തരം ചട്ണിയും ഒപ്പം വടയും. ഈ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് ഗൂഗിള്‍ എന്ന് എഴുതിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ഭക്ഷണവിഭവങ്ങളില്‍ ഒന്നാണ് ഇഡ്ഡലി.ഇഡ്ഡലി മാവും ഇഡ്ഡലി തട്ടും ഉള്‍പ്പെടെ അത് ഉണ്ടാക്കിയെടുക്കുന്ന രീതി മനോഹരമായി ഡൂഡിലില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി. എക്സിലും ഇന്‍സ്റ്റഗ്രാമിലും ഗൂഗിള്‍ ഡൂഡില്‍ ട്രെന്‍ഡിങ്ങായി. ആളുകള്‍ അവരുടെ കുട്ടിക്കാല ഓര്‍മ്മകളും, പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോകളും, മുത്തശ്ശിമാര്‍ കൈമാറിവന്ന കുടുംബ പാചകക്കുറിപ്പുകള്‍ വരെ പങ്കുവെക്കാന്‍ തുടങ്ങി.
സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ഇ ഡൂഡിളിന് പിന്നെ കാരണം അന്വേഷിക്കുകയാണ് പലരും.ഇന്ന് എന്ത ഇഡലി ദിനമാണോ എന്നാണ് ഭൂരിഭാഗത്തിന്റെയും സംശയം.ഇനി ഇഡലിക്ക് വല്ല ആദരവും കിട്ടിയോ എന്നാണ് മറ്റാെരു കൂട്ടരുടെ ചോദ്യം. പക്ഷെ സംഭവം അതൊന്നുമല്ല.ഈ ഡൂഡിളിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഗൂഗിളും വ്യക്തമായിട്ടില്ല.ഫുഡ് ആന്റ് ഡ്രിങ്ക് തീമില്‍ അവതരിപ്പിക്കുന്നു എന്ന് മാത്രമാണ് ഗൂഗിള്‍ നല്‍കിയ വിശദീകരണം.
ഇന്നല്ല ഇഡലി ദിനം.. അത് മറ്റൊരു ദിവസം !
ഡൂഡിള്‍ ചര്‍ച്ചയായതിന് പിന്നാലെ ഇന്നാണോ ഇഡലി ദിനം എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇന്നല്ല ഇഡലി ദിനം.മാര്‍ച്ച് 30-നാണ് ലോക ഇഡ്‌ലി ദിനം ആചരിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ഇഡ്ഡലി വ്യാപാരിയായ എനിയവന്‍ ആണ് ലോക ഇഡ്ഡലി ദിനം ആദ്യമായി അവതരിപ്പിച്ചത്. 2015-ല്‍ അദ്ദേഹം 1,328 തരം ഇഡ്ഡലികള്‍ ഉണ്ടാക്കി ഈ ദിനം ആഘോഷിച്ചു.
ഇനി അല്‍പ്പം ഇഡലി ചരിത്രം
ഇഡ്ഡലിയുടെ ഉത്ഭവത്തെ പറ്റി പല കഥകളാണ് ഉള്ളത്. എഡി പത്താം നൂറ്റാണ്ട് മുതലെ ഇഡ്ഡലി ഉള്ളതായി പറയപ്പെടുന്നു. ഇന്തൊനേഷ്യയിലാണ് ഇഡ്ഡലിയുടെ ഉത്ഭവമെന്നും കേട് ലി എന്ന ഭക്ഷണമാണ് രുചിയും രൂപവും മാറി ഇന്നത്തെ ഇഡ്ഡലി ആയതെന്നും പ്രചാരമുണ്ട്.
ആവിയില്‍ വേവിച്ച ഇഡ്ഡലി എന്ന ആശയം 800 നും 1200 ഇഋ നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 920 ADയിലെ കന്നഡ കൃതിയില്‍ ''ഇദ്ദലിഗെ'' എന്ന് പരാമര്‍ശിക്കുന്നുണ്ട്. പൂര്‍ണമായി ഉഴുന്നുമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമായിരുന്നു അത്. 1130 AD-യിലെ സംസ്‌കൃത ഗ്രന്ഥമായ മാനസൊല്ലാസ ''ഇദ്ദരിക''എന്ന പേരിലാണ് സമാനമായ ഒരു വിഭവം വിവരിക്കുന്നത്.17-ാം നൂറ്റാണ്ടില്‍ തമിഴ് സാഹിത്യത്തില്‍ ഇഡ്ഡലിയെ ''ഇറ്റലി'' എന്നും വിവരിക്കുന്നുണ്ട്.
ആദ്യകാലങ്ങളില്‍ ഉഴുന്ന് മാത്രം ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന ഇഡ്‌ലിയിലേക്ക് പില്‍ക്കാലത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയുമുള്‍പ്പടെയുള്ളവ വന്നതോടെയാണ് അരിയുടെ രംഗപ്രവേശനമെന്നും കരുതുന്നു. ഉഴുന്നിന്റെ വിലയാണ് ഈ മാറ്റത്തിനു കാരണം.