'വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള സുന്ദരമായ യാത്ര ഇതേ 'ലവു'മായി തുടരാനുള്ളതാണ്; വിഷിങ് യു ബോത് എ ലൈഫ്‌ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്‍ഡ് എന്‍ഡ്ലെസ് റാലീസ് ഓഫ് ജോയ്'; പി.വി. സിന്ധുവിന് ആശംസ നേര്‍ന്ന് സച്ചിന്‍
പി.വി. സിന്ധുവിന് ആശംസ നേര്‍ന്ന് സച്ചിന്‍
മുംബൈ: മുംബൈയില്‍ നേരിട്ടെത്തി വിവാഹം ക്ഷണിച്ച ബാഡ്മിന്റനില്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിനും പ്രതിശ്രുത വരന്‍ വെങ്കട്ട ദത്ത സായിക്കും ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നേരിട്ടെത്തി വിവാഹം ക്ഷണിച്ച ഇരുവര്‍ക്കുമൊപ്പം ക്ഷണക്കത്തുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിന്‍ ആശംസകള്‍ നേര്‍ന്നത്. വെങ്കട്ട ദത്ത സായിയുമായി ഈ മാസം 22ന് ഉദയ്പുരില്‍ വച്ചാണ് സിന്ധുവിന്റെ വിവാഹം.
''ബാഡ്മിന്റനില്‍ സ്‌കോര്‍ ആരംഭിക്കുന്നത് എപ്പോഴും 'ലവ്' വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ 'ലവു'മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാന്‍ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്‌ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്‍ഡ് എന്‍ഡ്ലെസ് റാലീസ് ഓഫ് ജോയ്' സച്ചിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായി പി വി സിന്ധുവിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. രണ്ടു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമാണെന്നും എന്നാല്‍ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറില്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഹൈദരാബാദ് സ്വദേശിയായി വെങ്കട്ട ദത്ത സായി നിലവില്‍ പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. കടുത്ത കായികപ്രേമിയായി ഇദ്ദേഹം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനാണ്. ബാഡ്മിന്റന്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മേഖലകളും കൃത്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്.
ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്‌മെന്റ് എഡ്യുക്കേഷനില്‍നിന്ന് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍നിന്ന് ഡേറ്റ സയന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ഡിപ്ലോമയുമുണ്ട്.