'കുറുമ്പുകാട്ടി ഒടുവില്‍ അവന്‍ അമ്മയുടെ അരികിലേക്ക്; ചെക്കാടിയില്‍ സ്‌കൂളില്‍ എത്തിയ കുട്ടിക്കുറുമ്പന്‍; കുട്ടിയാനയുടെ വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നു മണി

കുട്ടിയാനയുടെ വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നു മണി

Update: 2025-08-18 15:49 GMT

പുല്പള്ളി: വയനാട് ചേകാടി ഗവ. എല്‍പി സ്‌കൂളിലെത്തിയ കാട്ടാനക്കുട്ടിയെ അമ്മയാനയ്ക്ക് ഒപ്പമെത്തിച്ച് വനപാലകര്‍. മുത്തങ്ങയിലെത്തിച്ച് മറ്റ് പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കാട്ടില്‍ തുറന്നുവിട്ടത്. കാട്ടാനക്കുട്ടി സ്‌കൂളില്‍ എത്തിയതോടെ അധ്യാപകര്‍ ഉടന്‍തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് വനപാലകരെത്തി കുട്ടിയാനയെ 'വലയിലാക്കുകയായിരുന്നു'.


ആനക്കുട്ടിയെ വനപാലകര്‍ കാട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ വയനാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണി പങ്കുവച്ചു. 'കുറുമ്പുകാട്ടി ഒടുവില്‍ അവന്‍ അമ്മയുടെ അരികിലേക്ക്, ചെക്കാടിയില്‍ സ്‌കൂളില്‍ എത്തിയ കുട്ടിക്കുറുമ്പന്‍' എന്ന അടിക്കുറിപ്പോടെയാണ് ആനക്കുട്ടിയുടെ ദൃശ്യം ഫേസ്ബുക്കില്‍ മിന്നു മണി പങ്കുവച്ചത്.


Full View


ചെതലയം ഫോറസ്റ്റ് റേഞ്ചിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. ഇവിടെ സാധാരണ കാട്ടാനകള്‍ക്ക് വരുന്നത് പതിവാണെങ്കില്‍ ഒരു കുട്ടിയാന ഒറ്റയ്‌ക്കെത്തുന്നത് അപൂര്‍വമാണ്. കൂട്ടം തെറ്റിയ കുട്ടിയാന അമ്മയാനയെ തേടി വന്നതാകാം എന്നാണ് വനപാലകര്‍ പറയുന്നത്.

കുട്ടിയാന സ്‌കൂളില്‍ എത്തിയത്. കൗതുകവും ഒപ്പം ആശങ്കയും ഉയര്‍ത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ആനക്കുട്ടി സ്‌കൂളിലെത്തിയത്. അപ്രതീക്ഷിതമായി ഓടിക്കയറിവന്ന അതിഥിയെകണ്ട് അധ്യാപകരും വിദ്യാര്‍ഥികളും ആദ്യമൊന്ന് അമ്പരന്നു. ആനക്കുട്ടിയെ കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിക്കുമ്പോള്‍, കുഞ്ഞിനെ തേടി പിന്നാലെ കാട്ടാനക്കൂട്ടം വരുമോയെന്ന ആശങ്കയിലായിരുന്നു അധ്യാപകരും നാട്ടുകാരും. കുട്ടികള്‍ ആനക്കുട്ടിയെ കണ്ട് ബഹളം വയ്ക്കുന്നതെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുട്ടികളില്‍ ഒരാളുടെ ചെരുപ്പ് ആനക്കുട്ടി കാലുകൊണ്ടും തുമ്പിക്കൈകൊണ്ടും തട്ടിക്കളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സ്‌കൂള്‍ മുറ്റത്തിലെ ചെളിയിലിറങ്ങി.

ആനക്കുട്ടി വരുന്ന വിവരം സമീപത്തെ ഉന്നതിനിവാസികള്‍ അറിയിച്ചതിനാല്‍ അധ്യാപകര്‍ ചേര്‍ന്ന് കുട്ടികളെ നേരത്തെ ക്ലാസ് മുറികളില്‍കയറ്റി സുരക്ഷിതരാക്കിയിരുന്നു. ആരെയും കൂസാതെ സ്‌കൂള്‍ വരാന്തയിലൂടെ ഓടിനടക്കുന്ന കാട്ടാനക്കുട്ടിയുടെ വീഡിയോയും പുറത്തുവന്നു. നേരത്തെ വെളുകൊല്ലിയിലെ കിടങ്ങില്‍ വീണ ആനക്കുട്ടിയെ വനം വകുപ്പ് കാട്ടിലേക്ക് അയച്ചിരുന്നു.

Similar News