'മക്കള്‍ ഏറെ ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നും'; സാറയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് സച്ചിന്‍

സാറയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് സച്ചിന്‍

Update: 2025-08-23 10:51 GMT

മുംബൈ: കഴിഞ്ഞാഴ്ച്ചയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കര്‍ മുംബൈയില്‍ 'പിലാറ്റീസ് അക്കാദമി' എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങിയത്. മുംബൈയിലെ അന്ധേരിയിലാണ് 27-കാരിയായ സാറയുടെ അക്കാദമി. പ്രത്യേകതരം വ്യായാമ രീതിയാണ് പിലാറ്റീസ്. വയര്‍, പുറം, ഇടുപ്പ് തുടങ്ങിയ ശരീരഭാഗങ്ങളിലെ കോര്‍ മസിലുകള്‍ കേന്ദ്രീകരിച്ചുള്ള വ്യായാമമാണിത്. പിലാറ്റീസിനോടുള്ള തന്റെ താത്പര്യം നേരത്തെ പല തവണ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ സാറയുടെ അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അമ്മ അഞ്ജലിയും ഉണ്ടായിരുന്നു. കൂടാതെ സാറയുടെ സഹോദരന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്കും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഇതിന് പിന്നാലെ സാറയ്ക്ക് ആശംസ നേര്‍ന്ന് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സച്ചിന്‍. ഏറെ കഠിനധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടേയും കെട്ടിപ്പടുത്താണ് ഈ സംരംഭം യാഥാര്‍ഥ്യമാക്കിയതെന്ന് സച്ചിന്‍ പറയുന്നു. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള സാറയുടെ അര്‍പ്പണബോധത്തെ സച്ചിന്‍ പ്രശംസിക്കുകയും ചെയ്തു.

'മക്കള്‍ ഏറെ ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നും. പോഷകാഹാരവും വ്യായാമവും ഞങ്ങളുടെ ജീവിതത്തില്‍ എപ്പോഴും പ്രധാനമായിരുന്നു. ഇപ്പോള്‍ മകള്‍ അതുമായി ബന്ധപ്പെട്ടൊരു സംരംഭം തുടങ്ങുമ്പോള്‍ ആ നിമിഷം സവിശേഷമാണ്. ഇതിലും കൂടുതല്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാനാവില്ല. ഈ പുതിയ യാത്രയ്ക്ക് ആശംസകള്‍.'-സച്ചിന്‍ എക്സില്‍ കുറിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Similar News