ജോലി ഉണ്ടായിരുന്നപ്പോള്‍ രണ്ട് റൊട്ടി കൂടെ തരട്ടെ എന്ന് ചോദിക്കുമായിരുന്നു; ജോലിയും കാശുമില്ലെങ്കില്‍ അച്ഛനും അമ്മയും പോലും കൂടെക്കാണില്ല; 'മാതാപിതാക്കള്‍ക്ക് പോലും പാവപ്പെട്ട മകനെ ഇഷ്ടമല്ല'; ജോലി രാജി വെച്ച ശേഷമുള്ള അനുഭവം പങ്കുവച്ച യുവാവിന്റെ വൈറല്‍ വിഡിയോ
മുംബൈ: കൈയിലെ സമ്പാദ്യത്തിന്റെ അളവ് വെച്ച് സ്വന്തം വീട്ടുകാര്‍ പോലും വിലയിരുത്തുന്ന കാലത്ത് ജോലിയില്ലാതെ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന അനുഭവം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ്. ജോലിയില്‍ നിന്ന് രാജി വെച്ച ശേഷം കുറച്ചുനാള്‍ വീട്ടില്‍ തങ്ങിയ ദയാല്‍ എന്ന യുവാവിനുണ്ടായ ദുരനുഭവങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ദയാല്‍ പറയുന്നതിങ്ങനെ. 'ജോലി ചെയ്തു കൊണ്ടിരുന്ന സമയം താന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ രണ്ട് റൊട്ടി കൂടി തരട്ടെയെന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ ജോലി രാജി വെച്ച ശേഷം അവസ്ഥ ആകെ മാറി. നമ്മളെത്ര പണം സമ്പാദിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ ബഹുമാനം ലഭിക്കുന്നത്. വരുമാനം നിലക്കുമ്പോള്‍ അവരുടെ പെരുമാറ്റവും മാറും.'
'കാശുണ്ടെങ്കില്‍ സ്‌നേഹിക്കാനും കൂടെ നില്‍ക്കാനും ആള്‍ക്കാര് കാണും. ഇല്ലെങ്കില്‍ ആരും കാണില്ല, ചിലപ്പോള്‍ വീട്ടുകാര്‍ പോലും'. പലരും ഇങ്ങനെ പറയാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ദയാല്‍ പങ്കുവയ്ക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി വിട്ട് വീട്ടിലേക്ക് തിരികെ വന്നതിനെ കുറിച്ചാണ് യുവാവ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറയുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍, ഫിലിം മേക്കര്‍, ഡിസൈനര്‍ എന്നിങ്ങനെയൊക്കെയാണ് ദയാല്‍ എന്ന യുവാവ് സ്വയം വിശേഷിപ്പിക്കുന്നത്. ദയാല്‍ വീഡിയോയില്‍ പറയുന്നത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചുവെന്നും അതിനുശേഷം വീട്ടില്‍ തിരികെയെത്തി എന്നുമാണ്.
'മാതാപിതാക്കള്‍ക്ക് പോലും പാവപ്പെട്ട മകനെ ഇഷ്ടമല്ല' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജോലിയുള്ളപ്പോഴും ജോലി ഉപേക്ഷിച്ച് തിരികെ വന്നപ്പോഴും ഉള്ള വ്യത്യാസത്തെ കുറിച്ചാണ് ദയാല്‍ പറയുന്നത്. ജോലിയുള്ള സമയത്ത് വീട്ടില്‍ വരുമ്പോള്‍ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അന്ന് അമ്മ വളരെ സ്‌നേഹത്തോട് കൂടി രണ്ട് റൊട്ടി കൂടി തരട്ടെ എന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ ജോലി ഉപേക്ഷിച്ച് തിരികെ വന്നപ്പോള്‍ രണ്ട് റൊട്ടി കൂടി ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത്, അവന് രണ്ട് റൊട്ടി കൂടി കൊടുക്കൂ, അവന്‍ റൊട്ടിക്ക് ചോദിക്കുന്നു എന്നാണ്. ആ വാക്കുകളും അത് പറഞ്ഞ രീതിയും വ്യത്യസ്തമായിരുന്നു എന്നാണ് ദയാല്‍ പറയുന്നത്.
'ജോലിയുള്ള സമയത്ത്, തനിക്ക് അഭിമാനവും വിലയും ഉള്ളതായി തോന്നി, വരുമാനവും കുടുംബത്തില്‍ നിന്നുള്ള ഊഷ്മളമായ പെരുമാറ്റവും ഒരുപോലെ ആസ്വദിക്കാനായി. നിങ്ങള്‍ സമ്പാദിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ബഹുമാനിക്കപ്പെടും. എന്നാല്‍, നിങ്ങളുടെ പോക്കറ്റ് കാലിയാകുമ്പോള്‍, നിങ്ങളുടെ കുടുംബം നിങ്ങളെ അതേ രീതിയിലായിരിക്കില്ല കാണുന്നത്' എന്നാണ് ദയാല്‍ പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. ഫിന്‍ഗ്രോത്ത് മീഡിയയുടെ സ്ഥാപകനായ കരണ്‍ ബഹല്‍ ദയാലിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്, സംരംഭകനാവുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ വളരെ നിര്‍ണായകമാണ് എന്നാണ്. അതേസമയം, അങ്ങനെ അല്ലാത്ത മാതാപിതാക്കളും ഉണ്ട്, നിങ്ങളുടെ മാതാപിതാക്കളും മോശം സമയത്തിലൂടെ കടന്ന് പോവുകയാണെങ്കിലോ തുടങ്ങിയ കമന്റുകള്‍ നല്‍കിയവരും ഉണ്ട്. എന്തായാലും ദയാലിന്റെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
