'എടാ രാഹുലെ..ഞാന്‍ ഇവിടെ നിനക്ക് വേണ്ടി പട്ടിണിയാ; നീ കറങ്ങി നടക്കുവാണല്ലേ; നീ പോലിസിനെ പറഞ്ഞ് മനസിലാക്ക്; ഞാന്‍ വക്കീലുമായി വരാം...'; ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍; ട്രോള്‍ പൂരം
തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്‌തെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുല്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂര്‍ മുന്‍പ് രാഹുല്‍ മുങ്ങിയിരുന്നു.
ഇതിലും ട്രോള്‍ രാഹുല്‍ ഈശ്വറിനാണ്. ന്യൂസ് ചാനലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വാദിച്ച രാഹുല്‍ ഈശ്വറിന്റെ ജയില്‍ ജീവിതമാണ് വിഷയമാകുന്നത്. രാഹുല്‍ അത്യാഡംബര വില്ലയില്‍ ഒളിവില്‍ കഴിയുമ്പോള്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു. എന്നാലും രാഹുലെ എന്നോട് ഇത് വേണ്ടായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്ന മീമുകളാണ് സൈബര്‍ ഇടത്ത് ട്രെന്‍ഡ്. രാഹുല്‍ ഓടി ഓടി ക്രോസ് കണ്‍ട്രി മാരത്തണില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാകുമെന്നും, ഇത്രയും ദിവസം നിന്നെപ്പോലെ ഒരു ഉടായിപ്പിന് വേണ്ടി ആണല്ലോ ഞാന്‍ പട്ടിണി കിടന്നത് ഇനി എന്റെ പട്ടി കിടക്കും എന്നെല്ലാമാണ് സൈബറിടത്തെ കമന്റ്. നീ പോലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാന്‍ വക്കിലുമായി വരാം എന്നാണ് ഒരു കമന്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹൂ കെയേഴ്സ് ഡയലോഗില്‍ തുടങ്ങി പഴയ പ്രതികരണങ്ങളും നിലപാടുകളും വരെ ട്രോളുകളും മീമുകളുമായി സോഷ്യല്‍ മീഡിയയില്‍ നേരത്തെയും ട്രെന്‍ഡിങ്ങായിരുന്നു. കോഴിയുടെ രൂപത്തില്‍ 'ഹു കെയേഴ്സ്' മീമും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. സിനിമയിലെ പൂവാലന്‍ കഥാപാത്രങ്ങള്‍ക്ക് രാഹുലിന്റെ മുഖം നല്‍കിക്കൊണ്ടുള്ള തമാശകളും വ്യാപകമായി പ്രചരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടം അടുത്ത കാലത്തൊന്നും എയറില്‍ നിന്നിറങ്ങിയേക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വിലയിരുത്തല്‍.