'ആധുനിക നഗരം, പരമ്പരാഗത സവാരി'; കാളപ്പുറത്ത് കുട്ടിയെ ഇരുത്തി തിരക്കേറിയ വണ്‍വേ റോഡില്‍ കൂടി പോകുന്ന സ്ത്രീ; വീഡിയോ പ്രചരിക്കുന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ തിരക്കേറിയ വണ്‍വേ റോഡിലൂടെ കാളപ്പുറത്ത് കുട്ടിയെ ഇരുത്തി നടന്നു പോകുന്ന സ്ത്രീയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാരമ്പര്യവും നഗരജീവിതവും ഇടകലര്‍ന്ന ഈ കാഴ്ച, സ്ത്രീയുടെ ആത്മവിശ്വാസവും കുട്ടിയുടെ ആസ്വാദനവും കാരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. 'ആധുനിക നഗരം, പരമ്പരാഗത സവാരി' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതിനായിരത്തോളം പേരാണ് കണ്ടത്.
ഹൈദരാബാദിലെ തിരക്കേറിയ റോഡിലാണ് ഈ കാഴ്ച. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ഒരു പതിവാണെങ്കിലും നഗരങ്ങളില്‍ അത്ര പരിചിതമല്ലാത്ത ഒരു കാഴ്ചയാണത്. അതുകൊണ്ട് തന്നെ വഴിയാത്രക്കാരെല്ലാം സ്ത്രീയെയും കാളയെയും അതിന് പുറത്തിരിക്കുന്ന കുട്ടിയെയും ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം.
പശുക്കളെ മാതാവായി കരുതുന്ന കാര്‍ഷിക ജീവിതത്തില്‍ നിന്നും ഇന്ത്യ ഇനിയും മുക്തമായിട്ടില്ല. വണ്‍വേയുള്ള റോഡിന് എതിരായാണ് സ്ത്രീ കാളയെ നയിച്ച് കൊണ്ട് പോകുന്നത്. പോരാത്തതിന് കാളയുടെ പുറത്ത് ഒരു കുട്ടിയെ കൂടി ഇരുത്തിയിട്ടുണ്ട്. നിരവധി വാഹങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നതും വീഡിയോയില്‍ കാണാം. വണ്‍വേ റോഡില്‍ എതിരേ പോകുന്നതിന്റെ ആശങ്കയൊന്നുമില്ലാതെ വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീ കാളയെ മുന്നോട്ട് നയിക്കുന്നത്. കാളപ്പുറത്ത് ആസ്വാദിച്ചിരിക്കുന്ന കുട്ടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.
തിരക്കേറിയ ഒരു ചന്തസ്ഥലത്ത് ഓട്ടോറിക്ഷകളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുമ്പോള്‍ ഒരു കുട്ടി കാളപ്പുറത്ത് സവാരി ചെയ്യുന്നു. പാരമ്പര്യത്തിന്റെയും നഗരജീവിതത്തിന്റെയും സംയോജനം പകര്‍ത്തിയ അപൂര്‍വ ദൃശ്യമെന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. കാളയെയും കൊണ്ട് കാര്‍ഷിക വൃത്തിക്ക് പോകുന്നതല്ലെന്നും മറിച്ച് കാളയെ കാണിച്ച് കാണിക്ക വാങ്ങിക്കാനുള്ള പോക്കാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.