നവീന്‍സാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ വെളുപ്പിനെ ഭാര്യയും മകളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുകയായിരുന്നു; അവരറിഞ്ഞില്ല പ്രിയപ്പെട്ടയാള്‍ സ്വയം ജീവനൊടുക്കി കഴിഞ്ഞുവെന്ന്: സജീവ് ആലയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

സജീവ് ആലയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Update: 2024-10-15 16:29 GMT

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വാദ-പ്രതിവാദങ്ങളും ഏറെ. വിഷയത്തില്‍, എഴുത്തുകാരനും റവന്യു ഉദ്യോഗസ്ഥനുമായ സജീവ് ആലയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. 'ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് പറയുന്നത് കറക്റ്റാണ്. ദുഷ്ടചിത്തര്‍ക്ക് ജീവന്‍ അപഹരിക്കാനുള്ള ആയുധം കൂടിയാണ് ഫയല്‍'- സജീവ് കുറിച്ചു.

സജീവ് ആലയുടെ കുറിപ്പ് ഇങ്ങനെ:

നവീന്‍ ബാബു സാര്‍ ഇന്ന് ഞങ്ങളുടെ പത്തനംതിട്ട എഡിഎമ്മായി ചാര്‍ജ് എടുക്കേണ്ടതായിരുന്നു. അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. അഴിമതിയുടെ കറപുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ സാറെന്നാണ് സംഘടനാഭേദമില്ലാതെ എല്ലാ ജീവനക്കാരും പറഞ്ഞുകേട്ടിട്ടുള്ളത്.

ഡിപ്പാര്‍ട്ട്‌മെന്റിലെ കൈക്കൂലിക്കാരും അഴിമതിക്കാരും ആരൊക്കയാണെന്ന് അവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. മൂപ്പതില്‍പരം വര്‍ഷത്തെ സര്‍വീസുള്ള നവീന്‍ സാറിന്റെ സത്യസന്ധതയ്ക്ക് ഐക്യകണ്‌ഠേനയാണ് സഹപ്രവര്‍ത്തകര്‍ അടിവരയിടുന്നത്.

മൂന്ന് ദശകം കളങ്കമേല്ക്കാത്ത സര്‍വീസ് ജീവിതത്തിന് ഉടമയായ ഒരാള്‍ കണ്ണൂര്‍ എഡിഎം ആയതിന് ശേഷം പെട്ടെന്ന് കൈക്കൂലിക്കാരനായി മാറിയിട്ടുണ്ടാവുമോ..?വാര്‍ത്ത കേട്ടയുടനെ കണ്ണൂര്‍ കളക്ടറേറ്റിലെ ഇടതുപക്ഷ സംഘടനക്കാരായ രണ്ട് സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് സാറിനെ പറ്റി പറയാന്‍ നൂറ് നാവായിരുന്നു.

ഇനി ഇപ്പോള്‍ പെട്രോള്‍ പമ്പിന് NOC കൊടുക്കാനായി എഡിഎം കൈക്കൂലി കൈപ്പറ്റിയെന്ന് തന്നെ സങ്കല്പിക്കുക. അതിനെതിരെ ഭരണകക്ഷി നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സര്‍ക്കാരിന് നേരിട്ട് പരാതി നല്കാം അല്ലെങ്കില്‍ തെളിവുകളുമായി പത്രസമ്മേളനം നടത്താം. എന്നാല്‍ ഇതിനൊന്നും തയ്യാറാകാതെ രാവിലെ തന്നെ ജില്ലാകളക്ടറെ വിളിച്ച് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പ്രതിഷേധവുമായി എത്തുമെന്ന് പി പി ദിവ്യ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്.

വൈകുന്നേരം സെന്റോഫ് ചടങ്ങ് നടക്കുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ലോക്കല്‍ ചാനല്‍ ക്യാമറാമാനെയും കൂട്ടിവന്ന് അധിക്ഷേപം അഴിച്ചുവിട്ട് ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുകയാണ് വനിതാ നേതാവ് ചെയ്തത്. ക്ഷണിക്കപ്പെടാതെ വന്നുകയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഹപ്രവര്‍ത്തകനെതിരെ ഇത്രയും കടുത്ത ആക്രമണം നടത്തിയപ്പോള്‍ തടയാനോ വിലക്കാനോ ശ്രമിക്കാതെ ജില്ലാ കലക്ടര്‍ മൗനം പാലിച്ചു.

അഴിമതിക്കെതിരെ നടത്തിയ കുരിശുയുദ്ധത്തിന്റെ വീഡിയോ ചാനലുകള്‍ക്ക് എത്തിച്ചുനല്കി കേരളം മുഴുവന്‍ അപമാനിച്ചപ്പോള്‍ സല്‍പ്പേര് മാത്രം കൈമുതലായുണ്ടായിരുന്ന നവീന്‍ സാര്‍ സ്വയം ജീവനൊടുക്കി.

സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ ഭാരവാഹിയും പ്രവര്‍ത്തകനുമായിരുന്ന നവീന്‍സാറിനെയാണ് അദ്ദേഹം സ്‌നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്ത പാര്‍ട്ടിയുടെ ഒരു നേതാവ് ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

എല്ലാ പാര്‍ട്ടികളിലും ഹൃദയശൂന്യരായ നേതാക്കളുണ്ട്. അന്തസ്സോടെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്. എന്നാല്‍ പ്രതികാര ബുദ്ധിയോടെ, പകയോടെ ഒരു യാത്രയയപ്പ് മീറ്റിംഗിലേക്ക് ഇടിച്ചുകയറി വന്ന് ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയില്‍ അധിക്ഷേപിച്ച്,വിജയശ്രീലാളിതയായി ചാടിത്തുള്ളി വനിതാ നേതാവ് ഇറങ്ങിപ്പോയപ്പോള്‍ , ആത്മാഭിമാനം വ്രണപ്പെട്ട ഒരു മനുഷ്യന്‍ ഫാനിന്റെ കുരുക്കിലൂടെ മരണത്തില്‍ അഭയം കണ്ടെത്തുകയായിരുന്നു. കേരളചരിത്രത്തില്‍ ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവും ഇതേപോലൊരു അധമക്രിയ നടത്തിയിട്ടില്ല.

പെട്രോള്‍ പമ്പിന്റെ NOC അതാണല്ലോ ഇഷ്യു അതൊന്ന് പരിശോധിക്കാം.

പുതിയ പമ്പ് തുടങ്ങാന്‍ NOC ലഭിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കുന്നത് പെട്രോളിയം കമ്പനിയാണ് അല്ലാതെ ഏതെങ്കിലും വ്യക്തിയോ സംരഭകനോ അല്ല. IOC / HP/ Bharat Petroleum ഇങ്ങനെയുള്ള കമ്പനികളാണ് public outlet തുടങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. NOC നല്കുന്നതും കമ്പനിയുടെ പേരിലാണ്. ഒരു പ്രത്യേക സമയത്ത് മാത്രമാണ് പെട്രോളിയം ഔട്ട്ലെറ്റിനായുളള അപേക്ഷകള്‍ ക്ഷണിക്കുന്നത്. ആറുമാസം മുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ കളക്ടറേറ്റിലും നിരവധി NOC ആംപ്‌ളിക്കേഷനുകള്‍ ഒരേസമയം ലഭിച്ചു. ഇതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റെക്കമെന്റ് ചെയ്ത ഏതോ ഒരു കേസില്‍ ഉടന്‍ എഡിഎം നടപടി എടുത്തില്ലെന്നാണ് അവര്‍ ആരോപിച്ചത്. അതായത് മുന്‍ഗണനാക്രമം എല്ലാം മാറ്റിവച്ച് വനിതാ നേതാവ് ആജ്ഞാപിച്ച കേസില്‍ ഉടന്‍ NOC നല്കിയില്ലെന്നതാണ് പ്രശ്‌നമായത്. ഈ ഈഗോയാണ് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തി, ഒരു മനുഷ്യന്റെ ജീവനെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കണ്ണൂരില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ വരുന്ന നവീന്‍സാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ വെളുപ്പിനെ ഭാര്യയും മകളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുകയായിരുന്നു. അങ്ങ് ദൂരെ കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ അവരുടെ പ്രിയപ്പെട്ടയാള്‍ സ്വയം ജീവനൊടുക്കി കഴിഞ്ഞുവെന്ന് അവര്‍ അറിയുന്നുണ്ടായിരുന്നില്ല. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് പറയുന്നത് കറക്റ്റാണ്. ദുഷ്ടചിത്തര്‍ക്ക് ജീവന്‍ അപഹരിക്കാനുള്ള ആയുധം കൂടിയാണ് ഫയല്‍.

Tags:    

Similar News