അച്ഛനെ കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഒന്നടുക്കിപ്പെറുക്കി വയ്ക്കണം; നിങ്ങളുടെ കൈവശമുള്ള ഓര്‍മ്മകളും രേഖകളും ഞങ്ങള്‍ക്കുകൂടി കൈമാറാമോ? വിഎസിന്റെ ജന്മദിനത്തിന് മുന്നോടിയായി പുതിയ ഉദ്യമവുമായി വി എ അരുണ്‍കുമാര്‍; ഒരു മകന് അച്ഛന് വേണ്ടി ചെയ്യാനുള്ള ഏറ്റവും വലിയ കാര്യമെന്ന് പ്രതികരണങ്ങള്‍

വിഎസിനെ കുറിച്ചുളള ഓര്‍മകള്‍ ശേഖരിക്കാന്‍ മകന്‍

Update: 2025-10-19 05:16 GMT

ആലപ്പുഴ: കേരളം കണ്ട എക്കാലത്തേയും മികച്ച പോരാളിയും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് മൂന്നുമാസം പിന്നിടുന്ന വേളയില്‍, അദ്ദേഹത്തിന്റെ അനശ്വമായ ഓര്‍മ്മകളും ജീവിതത്തിലെ നാള്‍വഴികളും കോര്‍ത്തിണക്കാനുള്ള ശ്രമവുമായി മകന്‍ വി.എ. അരുണ്‍ കുമാര്‍ രംഗത്ത്. വി.എസ്. അച്യുതാനന്ദന്റെ ജന്മദിനമായ ഒക്ടോബര്‍ 20ന് മുമ്പായി പൊതുമണ്ഡലത്തില്‍ ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകളും രേഖകളും ചിത്രങ്ങളും വീഡിയോകളും ഒരുമിച്ചുകൂട്ടാനാണ് അരുണ്‍ കുമാറിന്റെ ലക്ഷ്യം.

വി.എസ്. അച്യുതാനന്ദനുമായി ഇടപെഴകിയവരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞവരുമായ ഏവരുടേയും ഓര്‍മ്മകളും കൈവശമുള്ള രേഖകളും തങ്ങളുമായി പങ്കുവെക്കണമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 'അച്ഛന്‍ ഞങ്ങളെ വിട്ടുപോയി, വി.എസ്. പൊതുസമൂഹത്തെയും. പക്ഷെ, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഓര്‍മ്മകളായും രേഖകളായും പൊതുമണ്ഡലത്തില്‍ ചിതറിക്കിടപ്പുണ്ട്. ഈ ഓര്‍മ്മകള്‍, രേഖകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍....,എല്ലാമൊന്ന് അടുക്കിപ്പെറുക്കി, എല്ലാവര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ സൂക്ഷിക്കണമെന്നുണ്ട്,' അരുണ്‍ കുമാര്‍ കുറിച്ചു.

ഒക്ടോബര്‍ 20ന് വി.എസ്. അച്യുതാനന്ദന്റെ ജന്മദിനം വരാനിരിക്കെ, ഒരു നൂറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ മണ്ണില്‍ ജീവിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും രേഖകളും കൈവശമുള്ളവര്‍ drarunkumarva@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുനല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അരുണ്‍ കുമാര്‍ വി.എ. വേലിക്കകത്ത്, പുന്നപ്ര നോര്‍ത്ത് പി.ഒ., ആലപ്പുഴ.688014,' എന്ന വിലാസത്തിലും നേരിട്ട് എത്തിക്കാവുന്നതാണ്.

അരുണ്‍ കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. വിഎസ് പൊതു സമൂഹത്തെയും. പക്ഷെ, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഓര്‍മ്മകളായും രേഖകളായും പൊതുമണ്ഡലത്തില്‍ ചിതറിക്കിടപ്പുണ്ട്. ഈ ഓര്‍മ്മകള്‍, രേഖകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍....

എല്ലാമൊന്ന് അടുക്കിപ്പെറുക്കി, എല്ലാവര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ സൂക്ഷിക്കണമെന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ കാലം കേരളത്തിന്റെ മണ്ണില്‍ ജീവിച്ച്, തന്റെ ജന്മദിനമായ ഒക്ടോബര്‍ 20ന് മുമ്പ് വിടപറഞ്ഞ അദ്ദേഹത്തെക്കുറിച്ച്, നിങ്ങളുടെ കൈവശമുള്ള ഓര്‍മ്മകളും രേഖകളും ഞങ്ങള്‍ക്കുകൂടി കൈമാറാമോ?

drarunkumarva@gmail.com എന്ന വിലാസത്തിലേക്ക് അയച്ചാല്‍ മതി. വിശ്വാസപൂര്‍വ്വം,

അരുണ്‍ കുമാര്‍ വി.എ.

വേലിക്കകത്ത്, പുന്നപ്ര നോര്‍ത്ത് പി.ഒ., ആലപ്പുഴ.688014.


Full View

അരുണ്‍ കുമാറിന്റെ ഈ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ കമന്റുകളിലൂടെ വി.എസ്. അച്യുതാനന്ദനൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്നുണ്ട്. ഈ മഹത്തായ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും ആശംസകളും അര്‍പ്പിച്ചുകൊണ്ടാണ് പലരുടെയും പ്രതികരണങ്ങള്‍. ഒരു മകന് തന്റെ അച്ഛനുവേണ്ടി ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും പലരും അഭിപ്രായപ്പെടുന്നു. ഈ ശ്രമം വി.എസ്. അച്യുതാനന്ദന്റെ ജീവിതാനുഭവങ്ങള്‍ വരും തലമുറകള്‍ക്ക് ചരിത്രരേഖയായി സംരക്ഷിക്കപ്പെടുമെന്നതില്‍ സംശയമില്ല.

Tags:    

Similar News