മെസേജുകള്‍ ഒന്നും എത്തേണ്ടിടത്ത് എത്തിയില്ല; ചിലര്‍ക്ക് ആപ് തുറക്കാന്‍ പോലും സാധിച്ചില്ല; ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തും ഫ്‌ലൈറ്റ് മോഡിലേക്കും തിരിച്ചും ഇട്ടും പ്രശ്‌നം എന്തെന്ന് അറിയാതെ ഉപയോക്താക്കള്‍; വാട്‌സാപ്പ് ലോകവ്യാപകമായി പണിമുടക്കി

വാട്‌സാപ്പ് ലോകവ്യാപകമായി പണിമുടക്കി

Update: 2025-02-28 18:17 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഉച്ചതിരിഞ്ഞ് 3.10 ഓടെയാണ് ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളെ ബാധിച്ച് കൊണ്ട് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

പലരും തങ്ങളുടെ സന്ദേശങ്ങള്‍ എത്തേണ്ടിടത്ത് എത്തിയില്ലെന്ന് പരാതിപ്പെട്ടു. ഇന്ത്യയില്‍ രാത്രി 9.20ഓടെയാണ് വാട്‌സ്അപ് തകരാര്‍ രേഖപ്പെടുത്തിയത്. ഒന്‍പതിനായിരത്തിലധികം ഉപയോക്താക്കള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. എത്ര മെസേജുകള്‍ അയച്ചിട്ടും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലായിരുന്നു എന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്‍ തുറക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും ഏറെ നേരം ആപ് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നതു പോലെയാണ് സ്‌ക്രീനില്‍ ദൃശ്യമായിരുന്നതെന്നും എക്‌സില്‍ വന്ന ചില പോസ്റ്റുകളില്‍ പറയുന്നു.

ഔട്ട്‌റേജിനെ കുറിച്ച് വാട്‌സാപ്പിന്റെ ഭാഗത്ത് നിന്ന് പ്രസ്താവനകള്‍ ഒന്നും വന്നില്ല. ഫോണുകളിലെ വാട്‌സ്ആപ് ചാറ്റുകള്‍ ഡെസ്‌ക്ടോപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാട്‌സ്അപ് വെബ്ബ് സംവിധാനത്തെയും ഇന്നത്തെ തകരാര്‍ ബാധിച്ചു. ഏറെ നേരം വാട്‌സ്ആപ് വെബ്ബ് സംവിധാനവും കിട്ടാതെയായിരുന്നു. വിവിധ തരം ഉപകരണങ്ങളില്‍ വാട്‌സ്ആപ് ഉപയോഗിക്കുന്നവരെ പ്രശ്‌നം ഒരേപോലെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

എന്താണ് സംഭവിച്ചത് എന്നറിയാതെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തവരും ഫ്‌ലൈറ്റ് മോഡിലേക്കും തിരിച്ചും പലവട്ടം മാറ്റിയവരും കുറവല്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. വാട്‌സാപ് ഡൗണായതോടെ പലരും നേരേ സോഷ്യല്‍ മീഡിയയില്‍ പോയി മീമുകള്‍ പോസ്റ്റുചെയ്തു. ചിലരാകട്ടെ വാട്‌സാപ് ശരിക്കും ഡൗണാണോ എന്ന് സുഹൃത്തുക്കളുമായി സ്ഥിരീകരിക്കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ വാട്‌സാപ് ഡൗണ്‍ എക്‌സില്‍ ട്രെന്‍ഡിങ്ങായിരുന്നു.

ചിലര്‍ക്ക് സന്ദേശമയ്ക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍, മററുചിലര്‍ക്ക് സെര്‍വര്‍ കണക്ഷന്‍ പ്രശ്‌നം വന്നു. ' നിങ്ങള്‍ എയര്‍പ്ലേന്‍ മോഡ് ഓണും ഓഫാും ആക്കുകയും റിഫ്രഷ് ചെയ്യുകയും വേണ്ട. നിങ്ങളുടെ നെറ്റ് വര്‍ക്ക് പ്രശ്‌നമല്ല. വാട്‌സാപ് ഡൗണാണ്', ഒരാള്‍ എക്‌സില്‍ കുറിച്ചു.


വര്‍ക്‌പ്ലേസ് കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്ലാക്ക് കഴിഞ്ഞ ദിവസം ഡൗണായതിന് പിന്നാലെയാണ് വാട്‌സാപ്പും ഡൗണായത്

Tags:    

Similar News