'ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു വിപണന പരിപാടി; ചെന്നിത്തലയ്ക്ക് ഇത് അറിയില്ലായിരുന്നു; സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് വൈറല്‍ പാട്ടില്‍ ഭേദഗതി വരുത്തേണ്ടി വരും'; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

'ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു വിപണന പരിപാടി

Update: 2026-01-02 08:31 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താന്‍ എസ്‌ഐടി ശ്രമിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിലും സിപിഎമ്മിനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണവും.

കേസില്‍ കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കള്‍ക്ക് പങ്കുണ്ടോയെന്ന് കോടതി ആദ്യമേ സംശയം പ്രകടിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്നത് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. പുരാവസ്തു ബിസിനസിലേക്ക് കൊള്ള എത്തിയിട്ടുണ്ടോ എന്നതിലേക്ക് കാര്യം എത്തുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം വന്നു. ആദ്യം ആരും സംശയിച്ചില്ല. കാരണം അത് സ്വാഭാവികം ആണല്ലോ. പക്ഷെ ആദ്യ നിലപാടുകളില്‍നിന്ന് ചെന്നിത്തലയും വി.ഡി. സതീശനും പിന്നിലേക്ക് പോയി, സുരേന്ദ്രന്‍ പറഞ്ഞു.

സോണിയ ഗാന്ധിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയം കസര്‍ത്താണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ആരാണ് സോണിയ ഗാന്ധിക്ക് അവരെ പരിചയപ്പെടുത്തിയത്. അടൂര്‍ പ്രകാശ് മാത്രമല്ല, ആന്റോ ആന്റണിയും ഇതിലുണ്ട്. വിലമതിക്കാന്‍ സാധിക്കാത്തതാണ് നഷ്ടമായത്. ഇത് അന്താരാഷ്ട്ര വിഗ്രഹക്കൊള്ളയാണ്. ഇറ്റലിയില്‍ സോണിയ ഗാന്ധിയുമായി രക്തബന്ധമുള്ളവര്‍ക്ക് പുരാവസ്തുക്കള്‍ വിപണനം നടത്തുന്ന പരിപാടി ഉണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഇത് ആദ്യം അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുങ്ങി. അദ്ദേഹം കേട്ട കാര്യങ്ങള്‍ ഒക്കെ അങ്ങ് പറഞ്ഞു. പക്ഷെ പറഞ്ഞ കാര്യങ്ങളില്‍ എന്തുകൊണ്ട് ഉറച്ച് നില്‍ക്കുന്നില്ല, ചെന്നിത്തല മതിപ്പ് വില വരെ പറയുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വിശദീകരണം നല്‍കുന്നില്ല. വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും. വൈറല്‍ പാട്ടില്‍ ഭേദഗതി വേണ്ടി വരുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് മാറ്റേണ്ടി വരും. കേസില്‍ യുഡിഎഫിനും തുല്യ പങ്കുണ്ട്. ശബരിമല സ്വര്‍ണകൊള്ളയില്‍ നിന്ന് എളുപ്പത്തില്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കര്‍ദാസ് പ്രധാന കുറ്റവാളി ആയി വരേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അയാള്‍ക്ക് ഉന്നതബന്ധം ഉണ്ട്. അന്വേഷണം അയാളിലേക്ക് എത്തുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോടതിയില്‍ കര്‍ശന നിര്‍ദ്ദേശത്തിലാണ് പല പ്രമുഖരുടെയും അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒഴിച്ച് എല്ലാവരും എസ്‌ഐടിയെ ആദ്യം പുകഴ്ത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പതിയെ ആണ് പുറത്തുവന്നത്. അതിനു ശേഷം ടീമില്‍ മാറ്റം വരുത്തി. സിപിഎം അനുകൂലികളെ അന്വേഷണ ടീമില്‍ ഉള്‍പ്പെടുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Tags:    

Similar News