അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അവസാന ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്നത് അലമോസോറസ് ഇനത്തില്‍ പെട്ട ഭീമന്‍ തിമിംഗലങ്ങള്‍; ദിനോസര്‍ ഫോസില്‍ പഠനങ്ങള്‍ക്ക് സഹായകമെന്ന് ഗവേഷകര്‍
ദിനോസര്‍ ഫോസില്‍ പഠനങ്ങള്‍ക്ക് സഹായകമെന്ന് ഗവേഷകര്‍
മെക്‌സിക്കോ സിറ്റി: അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചപ്പോള്‍, ജീവിച്ചിരുന്ന അവസാന ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞന്‍മാര്‍. ഇവയുടെ ഫോസിലുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായിട്ടാണ് അവര്‍ പറയുന്നത്. ന്യൂ മെക്സിക്കോയിലാണ് അവശേഷിക്കുന്ന അവസാന ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോസിലുകള്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പ്രകാരം കൂട്ടിയിടിയുടെ സമയത്ത് ന്യൂ മെക്സിക്കോയില്‍ വൈവിധ്യമാര്‍ന്ന നിരവധി ഇനം ദിനോസറുകള്‍ ഉണ്ടായിരുന്നു എന്നാണ്.
നീലത്തിമിംഗലത്തിന്റെ വലിപ്പമുള്ള ഒരു വലിയ ജീവിയായ അലമോസോറസും ഇതില്‍ ഉള്‍പ്പെടുന്നു. ഛിന്നഗ്രഹം പതിക്കുന്നതിനു മുമ്പുള്ള, ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അവസാനത്തെ ഏതാനും ലക്ഷം വര്‍ഷങ്ങളിലെ, ദിനോസറുകളുടെ ഫോസിലുകള്‍ ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായി ലഭിച്ചിട്ടില്ല എന്നതാണ് ഒരു പ്രധാന പ്രശ്നമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂ മെക്സിക്കോയില്‍ അവസാനം വരെ ഉണ്ടായിരുന്ന ദിനോസറുകളുടെ ഫോസിലുകള്‍ ലഭിച്ചത് ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് ഏറെ സഹായകരമാകും.
ഇവ വളരെ വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഛിന്നഗ്രഹം എല്ലാം തകര്‍ത്ത നിമിഷം വരെ പലതരം ദിനോസറുകള്‍ ഇവിടെ വളര്‍ന്നുവന്നിരുന്നു. വടക്കുപടിഞ്ഞാറന്‍ ന്യൂ മെക്സിക്കോയിലെ സാന്‍ ജുവാന്‍ ബേസിനില്‍ 10 വര്‍ഷത്തിനിടെ കണ്ടെത്തിയ ഒരു ഡസനോളം വ്യത്യസ്ത ദിനോസര്‍ ഇനങ്ങളെ പ്രതിനിധീകരിക്കുന്ന ഫോസിലുകളാണ് വിദഗ്ധര്‍ വിശകലനം ചെയ്തത്. ഛിന്നഗ്രഹം കൂട്ടിയിടിക്കുന്നതിന് മുമ്പ് സാന്‍ ജുവാന്‍ ബേസിനില്‍ ആധിപത്യം സ്ഥാപിച്ചത് അലമോസോറസ് എന്ന ദിനോസര്‍ ആയിരുന്നു.
ഇതിന് ഏകദേശം മുപ്പത് മുതല്‍ അമ്പതടി വരെ അടി ഉയരവും മുപ്പത് മുതല്‍ എണ്‍പത് വരെ ടണ്‍ ഭാരവും ഉണ്ടായിരുന്നു. വലിയ, നീളമുള്ള കഴുത്തുള്ള ദിനോസറായിരുന്നു ഇത്. 'ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ദിനോസറുകളില്‍ ഒന്നായിരുന്നു അലമോസോറസ്. ബോയിംഗ് 737 നേക്കാള്‍ ഭാരമുണ്ടായിരുന്നു ഇതിനെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തിയത്. ഇതിന് നീളമുള്ള നൂഡില്‍സ് ആകൃതിയിലുള്ള കഴുത്തും ചെറിയ തലയും വീര്‍ത്ത വയറും കൈകള്‍ക്കും കാലുകള്‍ക്കും തൂണുകളുടെ ആകൃതിയുമാണ് ഉണ്ടായിരുന്നത്.
അതേ സമയം അലമോസോറസ് ഒരു സസ്യഭുക്കായിരുന്നു. ന്യൂ മെക്സിക്കോയിലെ ദിനോസര്‍ സമൂഹങ്ങള്‍ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹെല്‍ ക്രീക്ക് മേഖലയിലെതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വ്യോമിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
