നമ്മുടെ 'കുട്ടി' മടങ്ങിയെത്തി! തിരികെ ഭൂമിയില്‍ കാല്‍ കുത്തിയെന്ന വാര്‍ത്ത കേള്‍ക്കാനായി കൊതിച്ച് ഓരോ ഭാരതീയനും; ഡ്രാഗണ്‍ പേടകം പസിഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തതോടെ കയ്യടി; ചരിത്രദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല മടങ്ങി എത്തിയതോടെ ഇന്ത്യക്ക് അഭിമാനനിമിഷം; അവന്‍ ഞങ്ങളുടെ മകനെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ സ്വത്തെന്ന് ശുഭാംശുവിന്റെ മാതാപിതാക്കള്‍
രിത്രദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല മടങ്ങി എത്തിയതോടെ ഇന്ത്യക്ക് അഭിമാനനിമിഷം
ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച ബഹികാരാകാശവാസത്തിന് ശേഷം ഇന്ത്യാക്കാരനായ ശുംഭാശു ശുക്ല ഉള്‍പ്പെടെയുള്ള സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഉച്ച കഴിഞ്ഞ് 3.01 നാണ് സംഘം സഞ്ചരിച്ച ഡ്രാഗണ്‍ പേടകം സാന്‍ഡീഗോയ്ക്ക് അടുത്ത് കാലിഫോര്‍ണിയ തീരത്തിന് സമീപം പസിഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. പിന്നീട്, ഡ്രാഗണ്‍ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. സ്‌പേസ് എക്‌സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളില്‍ ബന്ധിച്ച് എത്തിച്ചത്. 18 ദിവസം 433 മണിക്കൂര്‍ രാജ്യാന്തര ബഹിരാകാശ നിലയ്ത്തില്‍ കഴിഞ്ഞ ശേഷമാണ് ശുഭാംശുവിന്റെയും മറ്റുമൂന്ന് ബഹിരാകാശ യാത്രികരുടെയും മടക്കം.
പുനരധിവാസത്തിനായി യുഎസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇതിനുശേഷമേ ശുഭാംശു ഇന്ത്യയിലേക്കു മടങ്ങൂ. ബഹിരാകാശത്ത് ശുഭാംശു ശുക്ല ഏഴു പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍എ അറിയിച്ചു.
ലക്‌നൗവില്‍ ശുഭാംശുവിന്റെ കുടുംബം സുരക്ഷിതമായ മടങ്ങി വരവിനായുളള പ്രാര്‍ഥനകളിലായിരുന്നു. ' ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. മകന് വേണ്ടി കാത്തിരിക്കുകയാണ്. ക്ഷേത്രത്തില്‍ പോയി ഹനുമാന്‍ജിയുടെ ദര്‍ശനം നടത്തി. സുന്ദരകാണ്ഡം ചൊല്ലി. ഞങ്ങളുടെ മകന്‍ ചരിത്രം കുറിച്ചതില്‍ അഭിമാനമുണ്ട്. അവന് ഞങ്ങള്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കും'- അമ്മ ആശ ശുക്ല പറഞ്ഞു. അവന്‍ ഞങ്ങളുടെ മകനെങ്കിലും രാജ്യത്തിന്റെ മുഴുവനും സ്വത്ത് ആണെന്ന് അച്ഛന്‍ ശംഭു ദയാല്‍ ശുക്ല പറഞ്ഞു.
ജൂണ്‍ 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 433 മണിക്കൂറാണ് ഇവര്‍ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകള്‍ സഞ്ചരിച്ചു.
ആക്‌സിയം 4 പേടകത്തില്‍ അദ്ദേഹത്തിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ടായിരുന്നു. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 4.45ന് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാര്‍ കാരണം 10 മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതേ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്നു മടക്കയാത്ര തുടങ്ങി. 23 മണിക്കൂറോളം നീളുന്നതാണു യാത്ര.
പൂര്‍ണമായും സ്വയംനിയന്ത്രിതമായായിരുന്നു ഡ്രാഗണിന്റെ സഞ്ചാരം. 550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്റെ യാത്രയ്ക്കായി ചെലവിട്ടത്.