'ഇത് കാലം എഴുതിച്ചേർത്ത അധ്യായം..'; ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിജയകരമായി വിക്ഷേപിച്ചു; ശേഷം മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി; ലോകത്തെ വീണ്ടും ഞെട്ടിപ്പിച്ച് മസ്‌കും കൂട്ടരും..!

Update: 2024-10-13 15:57 GMT

ടെക്സസ്: ലോകം മുഴുവനും എപ്പോഴും അമ്പരിപ്പിക്കുന്ന വിസ്മയങ്ങൾ തീർക്കുന്ന വ്യക്തിയാണ് ഇലോൺ മാസ്ക്. അദ്ദേഹത്തിന്റെ ടെസ്ല ഉൾപ്പടെയുള്ള ആധുനിക ഫ്യൂച്ചർ കാർ ഉൾപ്പടെ അതിന്റെ ഉദാഹരണമാണ്. ഇപ്പോഴിതാ ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ്.

ലോകത്തെ ശക്തിയായ കരുത്തുറ്റ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയതാണ് ലോകത്തെ ഞെട്ടിച്ച വാർത്ത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിർണായകമാണ് ഈ പരീക്ഷണ വിജയം.

ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. രണ്ടാം സ്‌റ്റേജായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പര്‍ ഹെവി റോക്കറ്റിലെ റാപ്റ്റര്‍ എഞ്ചിനുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതും തുണയായി. സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് സൂപ്പര്‍ഹെവി തിരിച്ചിറങ്ങിയത്.

വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ള ബൂസ്റ്റർ ഇറങ്ങിവരുമ്പോൾ പിടിക്കാൻ ഭീമൻ ചോപ്സ്റ്റിക്കുകൾ റെഡിയായി ഇരുന്നു. പരീക്ഷണം വിജയകരമായതോടെ എൻജിനീയർമാർ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിൽ ഉണ്ട്.

സ്റ്റാർഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിൽ ആണ് സ്പേസ്‌എക്സ് നേട്ടം കൈവരിച്ചത്. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ്എക്‌സ് കൈവരിച്ചിരിക്കുന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കത്തിലും ഇതു നിർണായകമാകും.

ഇത് ആദ്യമായിട്ടാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്.

Tags:    

Similar News