പൊടിപൊടിച്ച് ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പന; ആഴ്ചയ്ക്കുള്ളിൽ വിറ്റത് 10 ലക്ഷം ടിക്കറ്റുകള്‍; ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത് ആതിഥേയ രാജ്യങ്ങളിൽ

Update: 2025-10-18 13:37 GMT

സൂറിച്ച്: അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയൊരുക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച ആദ്യ ആഴ്ചയ്ക്കുള്ളിൽ വിറ്റത് 10 ലക്ഷത്തിലധികം ടിക്കറ്റുകൾ. 212 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ടൂർണമെന്റിലെ വിവിധ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളിൽ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്.

ഇംഗ്ലണ്ട്, ജർമ്മനി, ബ്രസീൽ, സ്പെയിൻ, കൊളംബിയ, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് നിരാശപ്പെടേണ്ടതില്ലെന്നും, ഈ മാസം 27 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ട വിൽപ്പനയിൽ ടിക്കറ്റുകൾക്കായി ശ്രമിക്കാമെന്നും ഫിഫ അറിയിച്ചു.

ഈ ലോകകപ്പ് മുതൽ മത്സരങ്ങളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളുണ്ട്. ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്. നിലവിൽ 28 രാജ്യങ്ങൾ ടൂർണമെന്റിലേക്കുള്ള യോഗ്യത ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

Tags:    

Similar News