ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ രോഹിത് കളിക്കില്ല; പകരക്കാരന്‍ ആര്? നായക സ്ഥാനത്ത് വമ്പന്‍ ട്വിസ്റ്റ്
മുംബൈ: വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ പരമ്പരയിലെ ഒരു മത്സരം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശ നല്‍കുന്ന വാര്‍ത്തയാണിത്. ഇന്ത്യന്‍ ടീമിനും ഇത് വലിയ തിരച്ചടി നല്‍കുന്ന റിപ്പോര്‍ട്ടാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലൊന്ന് രോഹിത് കളിച്ചേക്കില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രോഹിത് ഒരു ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല ഓപ്പണറെന്ന നിലയിലും രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് തലവേദനയാവും. ആദ്യ ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26വരെ പെര്‍ത്തിലാണ് നടക്കുന്നത്.
ക്യപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല ഓപ്പണിങ്ങിലും ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നുറപ്പാണ്. രോഹിത്തിന് പകരം ഒരാളെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വരുന്ന ദിവസങ്ങള്‍ ഉണ്ടായേക്കും. എന്തായാലും രോഹിത് കളിക്കാതിരുന്നാല്‍ അത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കും.
അതേസമയം രോഹിത് ശര്‍മയുടെ അഭാവത്തില്‍ രണ്ട് ചോദ്യങ്ങളാണ് ടീമിന്റെ മുന്നിലുള്ളത്. ആര് ഓപ്പണറാവുമെന്നതും, ആരെ ഇന്ത്യയെ നയിക്കുമെന്നതും. ഈ രണ്ട് കാര്യവും വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ പകരം ഓപ്പണറായി അഭിമന്യു ഈശ്വരനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കുന്ന താരമാണ് അഭിമന്യു ഈശ്വരന്‍. അതുകൊണ്ടുതന്നെ താരത്തിന് വിളി ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഓസീസ് പിച്ചില്‍ അനുഭവസമ്പത്തില്ലാത്ത താരത്തിന് എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്നതാണ് കണ്ടറിയേണ്ടത്.
ആര് നയിക്കുമെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഓസീസിനെ പോലെ ശക്തമായ ടീമിനെ നേരിടാന്‍ പരിചയ സമ്പത്തുള്ള നായകന്‍ തന്നെ വേണം. വിരാട് കോലി ടീമിലുണ്ടെങ്കിലും നായകസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരിലൊരാളാവും ഇന്ത്യയെ നയിക്കുക. ജസ്പ്രീത് ബുംറ നേരത്തെ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. രാഹുലും ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും അത്ര മികച്ച പ്രകടനമല്ല നടത്തിയിരിക്കുന്നത്. റിഷഭിന് നായകന്റെ ഉത്തരവാദിത്തം നല്‍കിയാല്‍ അത് ബാറ്റിങ് പ്രകടനത്തെ ബാധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.