അര്‍ധ സെഞ്ചുറിയുമായി തിരിച്ചടിച്ച് രോഹിതും കോലിയും സര്‍ഫറാസും; കിവീസിന്റെ കൂറ്റന്‍ ലീഡിന് മുന്നില്‍ പൊരുതിക്കയറി ഇന്ത്യ; രോഹിതിന്റെ നിര്‍ഭാഗ്യ 'ഔട്ടും കോലിയുടെ മടക്കവും നിരാശ; ബെംഗളൂരു ടെസ്റ്റ് ആവേശത്തില്‍

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 231 റണ്‍സെന്ന നിലയില്‍

Update: 2024-10-18 12:44 GMT

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് മുന്നില്‍ പൊരുതിക്കയറി ഇന്ത്യ. ഏകദിന ശൈലിയില്‍ തിരിച്ചടിച്ച രോഹിത് ശര്‍മയുടേയും വിരാട് കോലിയുടെയും സര്‍ഫറാസ് ഖാന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

356 റണ്‍സ് കടം വീട്ടാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാന്‍ ക്രീസില്‍. 70 റണ്‍സെടുത്ത വിരാട് കോലിയുടെ വിക്കറ്റ് മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. എങ്കിലും അര്‍ധ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും കോലി ഇന്ന് പിന്നിട്ടു.

കോലിക്ക് പുറമെ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സാണ് മൂന്നാം ദിനത്തിലെ അവസാന പന്തില്‍ കോലിയെ വീഴ്ത്തിയത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 125 റണ്‍സ് കൂടി വേണം. സ്‌കോര്‍ ഇന്ത്യ 46, 231-3, ന്യൂസിലന്‍ഡ് 402.

കൂറ്റന്‍ ലീഡിന് മുന്നില്‍ പതറാതെ തുടങ്ങിയ രോഹിത്തും യശസ്വി ജയ്‌സ്വാളും ഓപ്പണിംഗ് വിക്കറ്റില്‍ 17 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്‌സിന് തൂക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു. എന്നാല്‍ യശസ്വി പുറത്തായശേഷവും ആക്രമിച്ചു കളിച്ച രോഹിത് മാറ്റ് ഹെന്റിയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറിനും സിക്‌സിനും ഫോറിനും പറത്തി അര്‍ധസെഞ്ചുറി തികച്ചു. 59 പന്തിലാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അടുത്ത ഓവറില്‍ രോഹിത് അജാസ് പട്ടേലിന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

മൂന്നാം വിക്കറ്റില്‍ ആക്രമിച്ചു കളിച്ച വിരാട് കോലി-സര്‍ഫറാസ് ഖാന്‍ സഖ്യമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. 136 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ അപകടമുനമ്പില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി അവസാന പന്തില്‍ വീണത്. 102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്‌സും പറത്തി. 44 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സര്‍ഫറാസ് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി.

നാലാം ദിനം പരമാവധി സ്‌കോര്‍ കണ്ടെത്താനാകും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ യശ്വസി ജയ്സ്വാളും രോഹിത്തും ചേര്‍ന്ന് 72 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 52 പന്തില്‍ 35 റണ്‍സെടുത്താന്‍ ജയ്സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ 52 റണ്‍സെടുത്ത് പുറത്തായി.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്‌കോര്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 'ഏകദിന' ശൈലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഒന്‍പതു മാസത്തിനു ശേഷമാണ് വിരാട് കോലി ടെസ്റ്റില്‍ അര്‍ധസെഞ്ചറി നേടുന്നത്. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റിലാണ് ഇതിനു മുന്‍പ് കോലി 50 റണ്‍സ് പിന്നിട്ടത്. ഇതു കൂടാതെ ടെസ്റ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലി മത്സരത്തിനിടെ സ്വന്തമാക്കി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.

ഋഷഭ് പന്തിന് നാളെ ബാറ്റ് ചെയ്യാനായില്ലെങ്കില്‍ ഇന്ത്യക്ക് ടെസ്റ്റില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാവും. നേരത്തെ 180-3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി കിവീസ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയുടെയും(134) ടിം സൗത്തിയുടെ അര്‍ധസെഞ്ചുറിയുടെയും(65) കരുത്തിലാണ് കൂറ്റന്‍ ലീഡ് ഉറപ്പിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


c

ഒന്നാം ഇന്നിങ്‌സില്‍ഡ 356 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 402 റണ്‍സിന് ന്യൂസീലന്‍ഡ് ഓള്‍ ഔട്ടായി. സെഞ്ചറി നേടിയ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര (157 പന്തില്‍ 134), അര്‍ധസെഞ്ചറി നേടിയ ഡെവോണ്‍ കോണ്‍വേ (105 പന്തില്‍ 91), ടിം സൗത്തി (73 പന്തില്‍ 65) എന്നിവരുടെ ബാറ്റിങ്ങാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ഹോം ടെസ്റ്റില്‍ 12 വര്‍ഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 200 റണ്‍സിലധികം ലീഡ് വഴങ്ങുന്നത്. 2012ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ഒരു കിവീസ് താരം ഇന്ത്യന്‍ മണ്ണില്‍ സെഞ്ചറി നേടുന്നതും 12 വര്‍ഷത്തിനു ശേഷമാണ്.

ഒന്നാം ഇന്നിങ്‌സില്‍ 3ന് 180 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ടിം സൗത്തി സഖ്യമാണ് ന്യൂസീലന്‍ഡിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് സിക്‌സും 11 ഫോറുമാണ് രചിന്റെ ബാറ്റില്‍നിന്ന് പിറന്നത്. സൗത്തി നാല് സിക്‌സും അഞ്ച് ഫോറും അടിച്ചു.

നാലമാനായി എത്തിയ രചിന്‍, ഏറ്റവും അവസനമാണ് പുറത്തായത്. ഇതുകൂടാതെ ഡാരില്‍ മിച്ചല്‍ (49 പന്തില്‍ 18), ടോം ബ്ലന്‍ഡല്‍ (8 പന്തില്‍ 5), ഗ്ലെന്‍ ഫിലിപ്‌സ് (18 പന്തില്‍ 14), മാറ്റ് ഹെന്ററി (9 പന്തില്‍ 8), ടിം സൗത്തി (73 പന്തില്‍ 65), അജാസ് പട്ടേല്‍ (8 പന്തില്‍ 4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിനു നഷ്ടമായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും സിറാജ് രണ്ടു വിക്കറ്റും ബുമ്ര, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴത്തി.

ചീട്ടുകൊട്ടാരമായി ഇന്ത്യ

മൂന്നും പേസര്‍മാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍, 46 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് ബംഗ്ലദേശിനെതിരായ ടെസ്റ്റില്‍ അതിവേഗ സ്‌കോറിങ്ങിന്റെയും മിന്നല്‍ വിജയത്തിന്റെയും റെക്കോര്‍ഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസില്‍ നിന്നു മടങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്‌സ് സ്‌കോര്‍, നാട്ടിലെ ടെസ്റ്റിലെ മോശം സ്‌കോര്‍, ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഒരു ടീമിന്റെ മോശം സ്‌കോര്‍, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്‌കോര്‍ എന്നിവ ഇന്നലെ ഒരു പകലിനുള്ളില്‍ ഇന്ത്യന്‍ ടീമിനൊപ്പമായി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ 5 പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്‌സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റര്‍മാരില്‍ 5 പേര്‍ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു രണ്ടാംതവണ മാത്രമാണ്.

Tags:    

Similar News