''വിജയവും തോല്‍വിയും മറക്കാം, വരൂ ധവാന്‍, നമുക്ക് ഒരു ചായ കുടിക്കാം'': കാര്‍ഗില്‍ യുദ്ധ വിജയം ഓര്‍മ്മിപ്പിച്ച ധവാനെ പരിഹസിച്ച് അഫ്രീദി; പ്രതികരണവുമായി ആരാധകര്‍

Update: 2025-04-30 07:23 GMT

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യാപാക് വിവാദത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയുടെയും ശിഖര്‍ ധവാന്റെയും വാക്കുതര്‍ക്കം തുടരുന്നു. ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച് അഫ്രീദി നടത്തിയ പരാമര്‍ശത്തിന് ധവാന്‍ ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തിയതിനു പിന്നാലെ, 'ചായ കുടിക്കാമെന്നു' പറഞ്ഞു അഫ്രീദി വീണ്ടും പരിഹാസത്തോടെയാണ് പ്രതികരിച്ചത്.

ധവാന്‍ നല്‍കിയ മറുപടിയോട് ചേര്‍ത്ത് തന്നെ ചായ കുടിക്കുന്ന ചിത്രം പോസ്റ്റുചെയ്ത അഫ്രീദി, ''വിജയവും തോല്‍വിയും മറക്കാം, വരൂ ധവാന്‍, നമുക്ക് ഒരു ചായ കുടിക്കാം'' എന്നാണ് എക്സ് (മുന്‍പ് ട്വിറ്റര്‍) പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അഫ്രീദിയുടെ ഈ പോസ്റ്റിനോട് രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

പാകിസ്താന്‍ സൈന്യത്തിന്റെ പരാജയവും ഇന്ത്യയുടെ ജയം കൊണ്ടുള്ള അഭിമാനവുമാണ് തന്റെ മറുപടി എന്ന് ധവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ''ഇത്തരമൊരു രാജ്യവിരുദ്ധ പരാമര്‍ശം ചെയ്യുന്നതിനേക്കാള്‍, സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി ചിന്തിക്കൂ,'' എന്നാണ് ധവാന്റെ ആക്ഷേപം.

ഒരു പാകിസ്ഥാനി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി വിവാദപരാമര്‍ശം നടത്തിയത്. ''ഇന്ത്യയില്‍ ഒരു ചെറിയ സ്‌ഫോടനമുണ്ടായാലും കുറ്റം പാകിസ്താനെച്ചൊല്ലും. കശ്മീരില്‍ എട്ടു ലക്ഷം സൈനികരുണ്ടായിട്ടും ആക്രമണം ഒഴിവാക്കാനാകുന്നില്ലെങ്കില്‍ അത് അവരുടെ അപ്രാപ്തിയെയാണ് കാണിക്കുന്നത്,'' എന്നും അഫ്രീദി അഭിപ്രായപ്പെട്ടിരുന്നു.

അഫ്രീദിയുടെ ചായക്കുറിപ്പിനോട് ഇന്ത്യന്‍ ആരാധകര്‍ വ്യാപകമായി പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലുടനീളം ''ഭാരത് മാതാ കീ ജയ്'' മുദ്രാവാക്യങ്ങളോടെ ധവാന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളാണ് നിറഞ്ഞിരിക്കുന്നത്.

Tags:    

Similar News