സഹീറിനെയും, കപിലിനെയും മറികടന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ; വിക്കറ്റ് നേട്ടത്തില്‍ റെക്കോര്‍ഡിട്ട് താരം; ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍
ബ്രിസ്ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് താരം ജസ്പ്രീത് ബുമ്ര തിളങ്ങിയ ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്, ആറ് വിക്കറ്റുകള്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു. ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ ഉള്‍പ്പെടെ ഔട്ടാക്കിയാണ് ബുമ്ര തന്റെ കഴിവ് തെളിയിച്ചത്. ഈ പ്രകടനത്തോടെ ബുമ്ര, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന മഹത്തായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
ഈ രാജ്യങ്ങളില്‍ എട്ടാം തവണയാണ് ബുമ്ര അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നത്. ഏഴുതവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ മറികടന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര രണ്ടാം സ്ഥാനത്തുമെത്തി. 11 തവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ സഹീര്‍ ഖാനെയാണ് ബുമ്ര മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള കപില്‍ദേവ് 23 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യക്ക് പുറത്ത് 10-ാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇതോടെ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരവും ബുമ്ര ആയി. കപില്‍ ദേവിനെ (9)യാണ് ബുമ്ര മറികടന്നത്.
2024 കലണ്ടര്‍ വര്‍ഷം ബുംറയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നായിരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 13.78 ശരാശരിയില്‍ 73 പേരെ ബുമ്ര പുറത്താക്കി. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുണ്ട് അദ്ദേഹം. ഇതില്‍ 12 ടെസ്റ്റുകളില്‍ നിന്ന് 58 വിക്കറ്റുകളും ഉള്‍പ്പെടും. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരവും ബുമ്ര തന്നെ. ഒമ്പതാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഒപ്പമുണ്ട്. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ (10), രവിചന്ദ്രന്‍ അശ്വിന്‍ (11) എന്നിവര്‍ മാത്രമാണ് മുന്നില്‍.