'ആദ്യ ആറ് ഓവറിനുള്ളിൽ ഒരു മത്സരം ഒറ്റയ്ക്ക് വരുതിയിലാക്കാൻ കഴിവുള്ള താരം'; അഭിഷേക് ശർമ്മയെ നേരത്തെ പുറത്താക്കാൻ കഴിയുമെന്ന് എയ്ഡൻ മാർക്രം

Update: 2025-12-09 10:21 GMT

കട്ടക്ക്: നാളെ ആരംഭിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ നേരത്തെ പുറത്താക്കാൻ കഴിയുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം. ആദ്യ ആറ് ഓവറിനുള്ളിൽ ഒരു മത്സരം ഒറ്റയ്ക്ക് വരുതിയിലാക്കാൻ കഴിവുള്ള താരമാണ് അഭിഷേക് എന്ന് മാർക്രം പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായി കട്ടക്കിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മാർക്രം അഭിഷേകിനെക്കുറിച്ച് സംസാരിച്ചത്.

സൺറൈസേഴ്സ് ഹൈദരാബാദിൽ താൻ അഭിഷേകിനൊപ്പം കളിച്ചിട്ടുണ്ടെന്നും, താരം ഒരു മികച്ച കളിക്കാരനാണെന്നും മാർക്രം പറഞ്ഞു. "അഭിഷേകിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണെന്നതിൽ സംശയമില്ല. ആദ്യ പന്ത് മുതൽ ആക്രമണോത്സുകമായ ശൈലിയിൽ കളിക്കുന്ന താരമാണ് അഭിഷേക്. യുവതാരങ്ങൾക്കിടയിൽ സ്വാഭാവികമായും കാണുന്ന ഒരു ശൈലിയാണിത്. എന്നിരുന്നാലും, അഭിഷേകിനെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം," മാർക്രം വിശദീകരിച്ചു.

കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമിൽ അവസാന മിനുക്കുപണികൾ നടത്താൻ ഇന്ത്യക്ക് ലഭിക്കുന്ന സുപ്രധാന അവസരം കൂടിയാണ് ഈ അഞ്ച് മത്സര ടി20 പരമ്പര. ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് ശേഷം, ലോകകപ്പിന് തൊട്ടുമുമ്പ് ജനുവരിയിൽ ന്യൂസിലൻഡിനെതിരെ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും.

ആദ്യ ടി20 മത്സരത്തിൽ ഓപ്പണിംഗിൽ അഭിഷേക് ശർമ്മ-ശുഭ്മാൻ ഗിൽ സഖ്യം തന്നെയാകും ഇന്ത്യക്കായി ഇറങ്ങുക. പരിക്ക് ഭേദമായി ശുഭ്മാൻ ഗിൽ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലും തിലക് വർമ്മ നാലാം നമ്പറിലും ബാറ്റിംഗിനിറങ്ങാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് നായർ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്/വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.

Tags:    

Similar News