'വിരമിക്കൽ കത്ത് വിതരണക്കാരൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തകൻ'; പിറന്നാൾ ദിനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Update: 2025-12-04 12:01 GMT

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറിന് പിറന്നാൾ ദിനത്തിൽ ആശംസകളേക്കാൾ കൂടുതൽ ലഭിച്ചത് വിമർശന ശരങ്ങളും ട്രോളുകളും. ഡിസംബർ നാലിന് അദ്ദേഹം പിറന്നാൾ ആഘോഷിക്കുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർ നിറച്ചത് കടുത്ത പ്രതിഷേധമാണ്. സമീപകാലത്തെ ടീം സെലക്ഷനുകളുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിലുള്ള അതൃപ്തിയാണ് ട്രോളുകളുടെ രൂപത്തിൽ പുറത്തുവന്നത്.

ബിസിസിഐ (BCCI) ഔദ്യോഗികമായി ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിന് താഴെയും പരിഹാസ കമന്റുകൾ നിറഞ്ഞു. 'ഇന്ത്യൻ ക്രിക്കറ്റിൻ്റെ അന്തകൻ', 'വിരമിക്കൽ കത്ത് വിതരണക്കാരൻ' എന്നീ തീവ്രമായ വിശേഷണങ്ങളോടെയാണ് പലരും അഗാർക്കറെ വിമർശിച്ചത്. താരങ്ങളുടെ കരിയർ തീരുമാനിക്കുന്നതിൽ അഗാർക്കർ സ്വീകരിക്കുന്ന കടുപ്പമേറിയ നിലപാടുകളാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രത്യേകിച്ച്, ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളെ പുറത്താക്കിയതിലെ അമർഷമാണ് ട്രോളുകളായി മാറിയത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ വിരാട് കോലി, രോഹിത് ശർമ, ആർ. അശ്വിൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ടെസ്റ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്നത് അഗാർക്കറുടെ കാലത്താണ്. രോഹിത്തിന് പകരം യുവതാരം ശുഭ്മൻ ഗില്ലിനെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളുടെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നതും വലിയ വിമർശനങ്ങൾക്കിടയാക്കി. കൂടാതെ, ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷവും പേസർ മുഹമ്മദ് ഷമിക്ക് ടീമിൽ സ്ഥിരമായി ഇടം നൽകാത്തതും ആരാധകരെ പ്രകോപിപ്പിച്ചു. ടീം സെലക്ഷനുകളിൽ അനാവശ്യമായ പരീക്ഷണങ്ങൾ നടത്തുന്നു എന്ന ആരോപണവും അഗാർക്കറിനെതിരെ ശക്തമായി ഉയർന്നിട്ടുണ്ട്.

എന്നാൽ, വിമർശനങ്ങൾക്കിടയിലും അഗാർക്കറുടെ ചില തീരുമാനങ്ങളെ അനുകൂലിക്കുന്നവരുമുണ്ട്. താരങ്ങളുടെ ആരാധനയ്ക്ക് പകരം പ്രകടനത്തിൻ്റെ കണക്കുകൾക്ക് പ്രാധാന്യം നൽകുന്നു എന്നതാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരള താരം സഞ്ജു സാംസണ് ടി20 ടീമിൽ സ്ഥിരമായി അവസരം നൽകിയതും, യുവതാരങ്ങളായ അഭിഷേക് ശർമ, വരുൺ ചക്രവർത്തി എന്നിവർക്ക് പിന്തുണ നൽകിയതും അഗാർക്കറുടെ പോസിറ്റീവ് തീരുമാനങ്ങളായി വിലയിരുത്തപ്പെടുന്നു.

Tags:    

Similar News