ബോർഡർ ഗവാസ്കർ പരമ്പര; നിർണായകമായ സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ പേസര്‍ ആകാശ് ദീപ് കളിക്കില്ല; ഹര്‍ഷിത് റാണയ്ക്ക് അവസരം ലഭിച്ചേക്കും

Update: 2025-01-02 06:51 GMT

സിഡ്നി: ബോർഡർ ഗവാസ്കർ പരമ്പരയിലെ നിർണായകമായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ട പേസര്‍ ആകാശ് ദീപ് സിഡ്നി ടെസ്റ്റില്‍ കളിക്കില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അംതിമ ഇലവനിൽ തീരുമാനമായിട്ടില്ലെന്നും, രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുന്ന കാര്യം പോലും പിച്ച് പരിശോധിച്ച ശേഷമേ ഉണ്ടാകുവെന്നും ഗംഭീർ തുറന്ന് പറഞ്ഞത് വലിയ ചർക്കൾക്ക് ഇടയാക്കി.

ആദ്യ രണ്ട് ടെസ്റ്റുകളിലും ആകാശ് ദീപ് കളിച്ചിരുന്നില്ല. പിന്നീട് ബ്രിസ്ബേനിലും മെല്‍ബിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായി. രണ്ട് ടെസ്റ്റുകളിൽ നിന്നായി അഞ്ച് വിക്കറ്റ് മാത്രമാണ് ആകാശ് ദീപ് വീഴ്ത്തിയതെങ്കിലും മികച്ച രീതിയില്‍ ആകാശ് പന്തെറിഞ്ഞിരുന്നു. മെല്‍ബണില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ആകാശിന്‍റെ പന്തില്‍ രണ്ട് തവണ അനായാസ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കിയിരുന്നു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ആകാശ് ഓസീസ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു.

ഹര്‍ഷിത് റാണയെയോ പ്രസിദ്ധ് കൃഷ്ണയെയോ പ്ലേയിംഗ് ഇലവനില്‍ ആകാശ് ദീപിന് പകരം സിഡ്നിയില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഡ്നിയില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്ന് കരുതുന്നതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിഡ്നി ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കങ്കാരുപ്പട നിർണായകമായ അവസാന ടെസ്റ്റിനിറങ്ങുന്നത്. പരമ്പരയിൽ മോശം ഫോം തുടരുന്ന ഓൾ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം ടാസ്മാനിയയുടെ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെയാണ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ ആദ്യ നാലു ടെസ്റ്റിലും കളിച്ച മിച്ചല്‍ മാര്‍ഷിന് 72 റണ്‍സ് മാത്രമാണ് നേടാനായത്.

Tags:    

Similar News