നിനക്ക് അറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്..'; ഫീല്‍ഡര്‍മാരെ നിര്‍ത്തിയതിൽ അതൃപ്തി; ക്യാപ്റ്റനുമായി വഴക്കിട്ടു; മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ്

Update: 2024-11-07 11:47 GMT

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നിറങ്ങി പോയി വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ്. ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായുണ്ടായ തർക്കത്തെ തുടർന്നാണ് താരം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്രൗണ്ട് വിട്ടത്. ഫീല്‍ഡര്‍മാരെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് താരം ഗ്രൗണ്ട് വിട്ടത്.

ആദ്യ ഇന്നിംഗിസിലെ നാലാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇംഗ്ലണ്ട് 10/1 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഓവര്‍ എറിയാനെത്തിയ അല്‍സാരി ആദ്യ പന്തിന് ശേഷം ഫീല്‍ഡിംഗ് പൊസിഷന്‍ മാറ്റാന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ്പിനോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഷായ് ഹോപ്പിന് ഫീൽഡിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ തയ്യാറായില്ല. തുടർന്ന് അസംതൃപ്തനായി അല്‍സാരി ജോസഫ് പന്തെറിഞ്ഞു. ആ ഓവറിന്റെ നാലാം പന്തില്‍ ജോര്‍ദാന്‍ കോക്‌സിന്റെ വിക്കറ്റ് എടുത്ത താരം വിക്കറ്റ് ആഘോഷിക്കുന്നതിനിടെയിലും ക്യാപ്റ്റനോട് രോഷാകുലനായി സംസാരിക്കുകയായിരുന്നു.

ശേഷം ബാക്കി രണ്ട് പന്തുകൾ കൂടി എറിഞ്ഞ് ഓവര്‍ പൂര്‍ത്തിയാക്കിയ താരം ഗ്രൗണ്ട് വിടുകയായിരുന്നു. ആ ഓവറിലിൽ റൺസ് ഒന്നും വിട്ടുകൊടുക്കാതെ താരം ഒരു വിക്കറ്റും നേടി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും നിലവില്‍ പരിശീലനകനുമായ ഡാരന്‍ സമി ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അടുത്ത ഓവറില്‍ 10 പേരുമായിട്ടാണ് വിന്‍ഡീസ് കളിച്ചത്.

ഗ്രൗണ്ട് വിട്ട ശേഷം താരം സഹ കളിക്കാരനായ ഹെയ്‌ഡൻ വാൽഷുമായി ഡഗൗട്ടിൽ സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആ ഓവർ കഴിഞ്ഞപ്പോൾ താരം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നേടി ഇംഗ്ലണ്ടിനെ വിന്‍ഡീസ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 43 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബ്രന്‍ഡന്‍ കിംഗ് (102), കെയ്‌സി കാര്‍ട്ടി (128) എന്നിവരാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം ജയിച്ചതോടെ വിന്‍ഡീസ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. 

Tags:    

Similar News