പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ 'ഡ്രീം ഇലവ'ന്റെ പടിയിറക്കം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജേഴ്‌സി സ്‌പോണ്‍സറാകാന്‍ വാശിയേറിയ പോരാട്ടം; ഒടുവില്‍ 579 കോടിയുടെ കരാറുമായി അപ്പോളോ ടയേഴ്‌സ്; ഓരോ മത്സരത്തിനും ബിസിസിഐയ്ക്ക് ലഭിക്കുക നാലരക്കോടി രൂപ വീതം

അപ്പോളോ ടയേഴ്‌സ് ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍

Update: 2025-09-16 11:25 GMT

മുംബൈ: അപ്പോളോ ടയേഴ്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍. ഡ്രീം ഇലവനുമായുള്ള കരാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ സ്‌പോണ്‍സറെ തീരുമാനിച്ചത്. 2027 വരെയാണ് കരാര്‍. ഈ കാലയളവില്‍ ഏകദേശം 130 മത്സരങ്ങള്‍ ഉള്‍പ്പെടും. ഓരോ മത്സരത്തിനും നാലരക്കോടി രൂപ വീതം അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നല്‍കും. Dream 11 നാലു കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് സ്പോണ്‍സര്‍മാരില്ല.

കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പതിനാറിനായിരുന്നു ലേലം. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും ഡ്രീം ഇലവന്‍ ഒഴിഞ്ഞിരുന്നു. ഓണ്‍ലൈന്‍ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെയാണ് കരാര്‍ അവസാനിപ്പിച്ചത്.

2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന്‍ മൂന്നു വര്‍ഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തുന്നത്. 2002 മുതല്‍ 2013 വരെ നീണ്ട 12 വര്‍ഷമാണ് സഹാറ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്തത്. പിന്നീട് റെഗുലേറ്ററി ലംഘനങ്ങളുടെ പേരില്‍ സഹാറയ്ക്ക് സെബിയുടെ നടപടി നേരിടേണ്ടി വന്നു. ഇതിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യയുടെ സ്പോണ്‍സര്‍.

ഓട്ടോമൊബൈല്‍ നിര്‍മാണകമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്നീ കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പിനായി സമീപിച്ചതായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് അപ്പോളോ ടയേഴ്‌സുമായി ബിസിസിഐ കരാറിലെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കാലാവധി തീരും മുന്‍പേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നല്‍കേണ്ടിവന്നിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം.

ഓണ്‍ലൈന്‍ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതോടെ മൈ 11 സര്‍ക്കിള്‍, വിന്‍സൊ, സുപ്പീ, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Tags:    

Similar News