9 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം; ചരിത്ര നേട്ടവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അർഷാദ് ഖാൻ

Update: 2025-12-07 15:30 GMT

ഇൻഡോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി അര്‍ഷാദ് ഖാന്‍. ചണ്ഡിഗഢിനെതിരായ മത്സരത്തിൽ വെറും 9 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് 26കാരനായ മധ്യപ്രദേശിന്‍റെ ഇടം കൈയന്‍ പേസര്‍ അർഷാദ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് അർഷാദ് ഖാൻ. മുമ്പ് മുംബൈ ഇന്ത്യൻസിനും ലഖ്‌നൗ സൂപ്പർ ജയന്റ്സിനും വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നേരത്തെ, 2023-ൽ ഹൈദരാബാദിന്റെ രവി തേജയും ഗുജറാത്തിന്റെ അർസാൻ നാഗസ്​വാസയും 13 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഈ റെക്കോർഡാണ് അർഷാദ് തിരുത്തിക്കുറിച്ചത്.

ചണ്ഡിഗഢിനെതിരായ മത്സരത്തിൽ അർഷാദിന്റെ പ്രകടനം മധ്യപ്രദേശിന് വിജയമൊരുക്കുന്നതിൽ നിർണായകമായി. തന്റെ രണ്ടാം ഓവറിൽ തന്നെ ചണ്ഡിഗഢ് ഓപ്പണർ അർജുൻ ആസാദിന്റെ ഓഫ് സ്റ്റംപ് പിഴുതെടുത്ത താരം തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശിവം ബാബ്രി​യെയും (ഗോൾഡൻ ഡക്ക്) പുറത്താക്കി. പിന്നാലെ നിഖിൽ താക്കൂറിനെയും വീഴ്ത്തി പവർപ്ലേയിൽ തന്നെ ചണ്ഡിഗഢിനെ പ്രതിരോധത്തിലാക്കി.

രണ്ടാം സ്പെല്ലിനായി സ്ലോഗ് ഓവറുകളിൽ മടങ്ങിയെത്തിയ അർഷാദ്, 19-ാം ഓവറിൽ ഗൗരവ് പുരി, സന്യം സെയ്നി, നിഖിൽ ശർമ എന്നിവരെ പുറത്താക്കി തന്റെ ആറ് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. അർഷാദിന്റെ ബൗളിംഗ് മികവിൽ ചണ്ഡിഗഢിനെ 20 ഓവറിൽ 134 റൺസിൽ ഒതുക്കിയ മധ്യപ്രദേശ്, മറുപടി ബാറ്റിംഗിൽ 14 ഓവറിൽ ലക്ഷ്യം മറികടന്ന് വിജയം സ്വന്തമാക്കി.

Tags:    

Similar News