'അഭിഷേക് ശർമയ്ക്ക് പിന്തുണ, സഞ്ജു പുറത്ത് തന്നെ'; സ്പിന്നിനെ നേരിടുന്നതിൽ ബാറ്റർമാർ പതറുന്നതിൽ ആശങ്ക; ഇന്ത്യൻ ടീമിന്റെ പോരായ്മകൾ തുറന്നുപറഞ്ഞ് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ്

Update: 2026-02-20 08:04 GMT

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾ അടുത്തിരിക്കെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ സ്പിൻ ബൗളിംഗിനെ നേരിടുന്നതിലുള്ള പോരായ്മകളിൽ ആശങ്ക പ്രകടിപ്പിച്ച് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ്. ടീമിന്റെ സന്തുലിതാവസ്ഥ പരിഗണിച്ച് സൂപ്പർ എട്ട് മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കുമെന്നും, തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശർമയ്ക്ക് ടീം മാനേജ്മെന്റിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർക്ക് കൃത്യമായ തന്ത്രങ്ങൾ ആവശ്യമാണെന്ന് ഡോഷെറ്റ് ചൂണ്ടിക്കാട്ടി. ഓഫ് സ്പിൻ മാത്രമല്ല, പൊതുവെ ഫിംഗർ സ്പിന്നിനെതിരെ ഇന്ത്യക്ക് ബുദ്ധിമുട്ടുകളുണ്ടെന്നും, പാകിസ്ഥാനെതിരായ മത്സരത്തിലെ കണക്കുകൾ ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. വരാനിരിക്കുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കെതിരെ മധ്യ ഓവറുകളിലെ ബാറ്റിംഗ് നിർണായകമാകും.

ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ആദ്യ എട്ട് സ്ഥാനങ്ങളിൽ ആറ് പേരും ഇടംകൈയ്യൻമാരാണ് എന്നത് എതിരാളികൾക്ക് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താൻ അവസരം നൽകുന്നുണ്ട്. ഈ ലോകകപ്പിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഓഫ് സ്പിൻ പന്തുകൾ നേരിട്ട ടീം (102 പന്തുകൾ). എന്നാൽ സ്കോറിംഗ് റേറ്റിൽ നേപ്പാൾ, ഒമാൻ തുടങ്ങിയ ടീമുകൾക്ക് തൊട്ടുപിന്നിലായി 6.23 എന്ന കുറഞ്ഞ നിരക്കിലാണ് ഇന്ത്യ സ്പിന്നിനെതിരെ റൺസ് കണ്ടെത്തുന്നത്.

ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഇടംകൈയ്യൻമാരുടെ ആധിക്യം മാറ്റേണ്ടതില്ലെന്നും, ടീമിന്റെ സന്തുലിതാവസ്ഥ പരിഗണിച്ചാണ് സഞ്ജു സാംസണെ പുറത്തിരുത്തുന്നതെന്നും ഡോഷെറ്റ് കൂട്ടിച്ചേർത്തു. നിലവിലുള്ളത് മികച്ച ബാറ്റിംഗ് ലൈനപ്പാണെന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അധികം ഓപ്ഷനുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായിട്ടും ഓപ്പണർ അഭിഷേക് ശർമയ്ക്ക് പൂർണ്ണ പിന്തുണയുമായി ബാറ്റിംഗ് കോച്ച് രംഗത്തെത്തി. താരം മാനസികമായി അൽപ്പം തളർന്നിട്ടുണ്ടെങ്കിലും പരിശീലനത്തിൽ മികച്ച താളം കണ്ടെത്തുന്നുണ്ടെന്നും അഭിഷേകിന്റെ കഴിവിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും ഡോഷെറ്റ് പറഞ്ഞു. 

Tags:    

Similar News