ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
ഹൊബാര്‍ട്ട്: ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി.മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയ മറികടന്നത്.ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വെടിക്കെട്ട് അര്ധസെഞ്ചുറികളുടെ കരുത്തിലാണ് മൂന്നാം ടി20യില്‍ ഓസീസ് ജയിച്ചുകയറിയത്.
ലുങ്കി എംഗിഡി എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ 10 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.എംഗിഡിയുടെ ആദ്യ പന്തില്‍ മാക്സ്വെല്ലിന്റെ ബൗണ്ടറിയെന്ന് ഉറപ്പിച്ച ഷോട്ട് കോര്‍ബിന്‍ ബോഷ് അവിശ്വസനീയമായി തടുത്തു. രണ്ട് റണ്‍സ് ഓടിയെടുത്ത മാക്സ്വെല്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം നാലു പന്തില്‍ നാലാക്കി ചുരുക്കി. അടുത്ത രണ്ട് പന്തിലും മാക്സ്വെല്‍ റണ്ണോടിയില്ല. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലു റണ്‍സായി. എന്നാല്‍ ഫുള്‍ടോസായ അഞ്ചാം പന്ത് റിവേഴ്സ് സ്വീപ്പിലൂടെ തേര്‍ഡ്മാന്‍ ബൗണ്ടറി കടത്തിയ മാക്സ്വെല്‍ ഓസീസിന് രണ്ട് വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചു. 36 പന്തില്‍ മാക്സ്വെല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 172-7, ഓസ്ട്രേലിയ 9.5 ഓവറില്‍ 173-8.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. നായകന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും പ്രോട്ടീസ് ബാറ്റര്‍മാരെ അടിച്ചുതകര്‍ത്തു. എട്ടോവറില്‍ 66 റണ്‍സിലെത്തിയ ടീമിന് ഹെഡിന്റെ(19) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയവരെല്ലാം നിരനിരയായി കൂടാരം കയറിയപ്പോള്‍ ഓസ്‌ട്രേലിയ പരുങ്ങലിലായി. ജോഷ് ഇംഗ്ലിസ്(0), കാമറൂണ്‍ ഗ്രീന്‍(9), ടിം ഡേവിഡ്(17), ആരോണ്‍ ഹാര്‍ഡി(1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അടിച്ചുതകര്‍ത്ത മാര്‍ഷ് അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 54 റണ്‍സെടുത്താണ് താരം പുറത്തായത്.
13.5 ഓവറില്‍ 122-6 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ബെന്‍ ഡ്വാര്‍ഷുയിസിനെ കൂട്ടുപിടിച്ച് മാക്‌സ്വെല്‍ ടീമിനെ കരകയറ്റി. ഡ്വാര്‍ഷുയിസിനെ ഒരു വശത്തുനിര്‍ത്തി പ്രോട്ടീസ് ബൗളര്‍മാരെയെല്ലാം മാക്‌സ്വെല്‍ തകര്‍ത്തടിച്ചു. അതോടെ മങ്ങലേറ്റ ഓസീസ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചു. ഒരു റണ്‍ മാത്രമെടുത്ത് ഡ്വാര്‍ഷുയിസും പിന്നാലെ ഡക്കായി നതാന്‍ എല്ലിസും പുറത്തായപ്പോഴും മാക്‌സ്വെല്‍ തളര്‍ന്നില്ല. അര്‍ധസെഞ്ചുറിയോടെ താരം ടീമിനെ വിജയതീരത്തെത്തിച്ചു.പ്രോട്ടീസിനായി കോര്‍ബിന്‍ ബോഷ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ ഡെവാള്‍ഡ് ബ്രെവിസിന്റെ അര്‍ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ 172 റണ്‍സിലെത്തിച്ചത്. ബ്രെവിസ് 26 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. റിക്കല്‍ട്ടണ്‍(13), പ്രിട്ടോറിയസ്(24), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(25)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡുസ്സനും പ്രോട്ടീസിനായി തിളങ്ങി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്ന് വിക്കറ്റെടുത്തു.