'ഇന്ത്യ ഒരു രാജ്യവുമായി യുദ്ധത്തിലാണ്; ആ രാജ്യത്തെ നേതാവായിരുന്നു ഞങ്ങള്‍ക്ക് ട്രോഫി കൈമാറേണ്ടിയിരുന്നത്; അതിനാല്‍ ഞങ്ങള്‍ ആ ട്രോഫി നിരസിച്ചു; അതിനര്‍ത്ഥം ട്രോഫിയും മെഡലുകളും ആ മാന്യന്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകണം എന്നല്ല; വിവേകം പ്രതീക്ഷിക്കുന്നു'; ഏഷ്യാ കപ്പുമായി ഹോട്ടലില്‍ പോയ പാക്ക് മന്ത്രിയെ വിമര്‍ശിച്ച് ബിസിസിഐ
ഏഷ്യാ കപ്പുമായി ഹോട്ടലില്‍ പോയ പാക്ക് മന്ത്രിയെ വിമര്‍ശിച്ച് ബിസിസിഐ
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് നേടിയ കിരീടം ഇന്ത്യയ്ക്ക് നല്‍കാതെ ട്രോഫിയുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി ഹോട്ടലിലേക്ക് മടങ്ങിയത് വിവാദത്തില്‍. ഗ്രൗണ്ടിലെ ഇന്ത്യന്‍ വിജയാഘോഷങ്ങള്‍ക്കിടെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാന്‍ താരങ്ങള്‍ ഒരു മണിക്കൂര്‍ വൈകിയാണ് സമ്മാനദാനച്ചടങ്ങിനെത്തിയത്. ഈ സമയമത്രയും ഗ്രൗണ്ടില്‍ വിജയം ആഘോഷിച്ച ഇന്ത്യന്‍ താരങ്ങള്‍ മാധ്യമങ്ങളോടും സംസാരിക്കുകയായിരുന്നു. തോല്‍വിക്കു പിന്നാലെ പാക്കിസ്ഥാന്‍ ടീം സമ്മാനദാനം ബോധപൂര്‍വം വൈകിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഏഷ്യാകപ്പ് കിരീടം മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. എമിറേറ്റ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സരൂനിയില്‍നിന്ന് ട്രോഫി വാങ്ങാമെന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതു തള്ളി. പാക്ക് താരങ്ങള്‍ക്ക് രണ്ടാം സ്ഥാനത്തിനുള്ള മെഡലുകള്‍ വിതരണം ചെയ്ത ശേഷം, ഏഷ്യാകപ്പ് ട്രോഫിയുമായി നഖ്‌വി ഗ്രൗണ്ട് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. പാക്ക് താരങ്ങള്‍ സമ്മാനദാനച്ചടങ്ങിനെത്തിയപ്പോള്‍ കൂക്കിവിളികളോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ ട്രോഫി വാങ്ങുന്നില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചതിനാല്‍, സമ്മാനദാനം അവസാനിപ്പിക്കുന്നുവെന്നാണ് അവതാരകനായ സൈമണ്‍ ദൂള്‍ മത്സരശേഷം പ്രതികരിച്ചത്. ട്രോഫി ലഭിക്കാതിരുന്നതോടെ പോഡിയത്തില്‍ കയറി സെല്‍ഫിയെടുത്ത ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം ഗംഭീരമാക്കി.
പ്രതിഷേധം അറിയിച്ച് ബിസിസിഐ
ഇന്ത്യക്ക് കൈമാറാന്‍ തയ്യാറാകാതെ പാക് മന്ത്രി കപ്പുമായി തന്റെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയെന്ന് ബിസിസിഐ ആരോപിച്ചു. മൊഹ്സിന്‍ നഖ്വിയുടെ പെരുമാറ്റത്തെ ശക്തമായി വിമര്‍ശിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. സംഭവത്തില്‍ ബിസിസിഐ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യ ഒരു രാജ്യവുമായി യുദ്ധത്തിലാണ്, ആ രാജ്യത്തെ ഒരു നേതാവായിരുന്നു ഞങ്ങള്‍ക്ക് ട്രോഫി കൈമാറേണ്ടിയിരുന്നത്... നമ്മുടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയില്‍ നിന്ന് ഞങ്ങള്‍ക്ക് ട്രോഫി സ്വീകരിക്കാനാവില്ല. അതിനാല്‍ ഞങ്ങള്‍ ആ ട്രോഫി നിരസിച്ചു, എന്നാല്‍ അതിനര്‍ത്ഥം നമ്മുടെ രാജ്യത്തിന് നല്‍കേണ്ട ട്രോഫിയും മെഡലുകളും ആ മാന്യന്‍ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകണം എന്നല്ല. അത് തികച്ചും അപ്രതീക്ഷിതമാണ്, അദ്ദേഹത്തിന് വിവേകമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമ്മാനദാന ചടങ്ങില്‍ ആ മാന്യന്‍ കാട്ടിയ പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ പോകുകയാണ്' സൈകിയ പറഞ്ഞു. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നവംബറില്‍ നടക്കുന്ന അടുത്ത ഐസിസി ബോര്‍ഡ് യോഗത്തില്‍ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാകപ്പിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ടീം ഇത്തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചരുന്നത്. ആദ്യമത്സത്തിന് ശേഷം വിജയം ഇന്ത്യന്‍ സൈനികര്‍ക്കാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശേഷം സാഹിബ് സദ ഫര്‍ഹാന്‍ ബാറ്റുമായി വെടിവെപ്പ് ആംഗ്യം കാണിച്ചതും പാക് താരം ഹാരീസ്‌റൗഫ് എയ്റോപ്ലെയ്ന്‍ ആംഗ്യം കാണിച്ചതും വിവാദമായിരുന്നു, സൂര്യകുമാറിനും ഹാരീസിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ചുമത്തുകയും ചെയ്തു. സമ്മാനദാനച്ചടങ്ങില്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. അത് നഖ്വിയായിരുന്നില്ല വിതരണം ചെയ്തത്. ഫൈനലില്‍, ടോസ് ഇടുന്നതിനിടെ പതിവില്ലാതെ രണ്ട് കമന്റേറ്റര്‍മാര്‍ എത്തിയതും ചര്‍ച്ചയായിരുന്നു.
ആദ്യ അനുഭവമെന്ന് സൂര്യകുമാര്‍
ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങില്‍ വച്ച് ഇന്ത്യയ്ക്ക് നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നല്‍കാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ട്രോഫി അര്‍ഹിച്ചിരുന്നു. അതേസമയം യഥാര്‍ത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
സൂര്യകുമാര്‍ യാദവ് പറഞ്ഞത്...
'ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, അത് കഠിനാധ്വാനം ചെയ്ത് നേടിയതാണ്. അത് എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ട് ശക്തമായ മത്സരങ്ങള്‍ കളിച്ചു. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്. ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ഈ ഏഷ്യാ കപ്പ് യാത്രയിലുടനീളം ഞാന്‍ അവരുടെ ആരാധകനാണ്. അതാണ് ഞാന്‍ തിരികെ കൊണ്ടുപോകുന്ന ശരിക്കുള്ള ഓര്‍മ്മകള്‍. അവ എന്നോടൊപ്പം എന്നെന്നേക്കുമായി നിലനില്‍ക്കും.'- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാന്‍ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂര്‍ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീം മെഡലുകള്‍ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയില്‍ എത്തിയില്ല. മൊഹ്സിന്‍ നഖ്വിയാണ് ട്രോഫി നല്‍കുന്നതെങ്കില്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം എത്തിയേക്കില്ല എന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിനുമുമ്പ്, വിജയികള്‍ക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ (എസിസി) ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
നഖ്വി വേദിയിലെത്തിയപ്പോള്‍, ഇന്ത്യന്‍ ടീമിന്റെ നിലപാട് എസിസി അദ്ദേഹത്തെ അറിയിച്ചു. അതിനിടെ സംഘാടക സമിതിയില്‍ നിന്ന് ആരോ ട്രോഫി മൈതാനത്ത് നിന്ന് നീക്കി. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയിരുന്നുവെന്നും എന്നാല്‍ ആ ആവശ്യം നഖ്വി നിഷേധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ടീം വേദിയില്‍ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താന്‍ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
പാക്കിസ്ഥാനെ തറപറ്റിച്ച് കിരീടനേട്ടം
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വര്‍മ്മയുടെ (69) തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.
അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാക് പേസര്‍ ഫഹീം അഷ്റഫിന്റെ ആദ്യ പന്തില്‍ തിലക് സിംഗിളെടുത്തു. രണ്ടാം പന്തില്‍ ദുബെയും ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോര്‍. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ദുബെ പുറത്ത്. ലോംഗ് ഓഫില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ സിക്സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി. ഇത്തവണ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. പിന്നീട് സഞ്ജു - തിലക് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ സഞ്ജു കൂറ്റനടികള്‍ക്ക് ശ്രമിച്ചു. അബ്രാര്‍ അഹമ്മദിനെതിരെ അത്തരമൊരു ഷോട്ടിന് ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഫര്‍ഹാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇതോടെ 12.2 ഓവറില്‍ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.