ഫിറ്റ്നസിലെ ആശങ്ക സെലക്ടർമാരെ അറിയിച്ചിരുന്നു; സ്റ്റാർ പേസർക്ക് വിനയായത് മോശം ഫോമല്ലെന്ന് റിപ്പോർട്ട്; ഇന്ത്യൻ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും

Update: 2025-08-11 13:18 GMT

ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ടീമിലേക്കുള്ള തിരിച്ചു വരവ് വൈകുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഷമിയെ ഒഴിവാക്കിയത് ഫോം മോശമായതുകൊണ്ടല്ല, മറിച്ച് കായികക്ഷമതയെക്കുറിച്ച് താരം തന്നെ സെലക്ടർമാരെ ആശങ്ക അറിയിച്ചതിനെ തുടർന്നാണെന്ന് റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഷമിയുമായി സംസാരിച്ചിരുന്നു.

ഓസ്ട്രേലിയൻ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ഷമിക്ക് നഷ്ടമായിരുന്നു. 'ടീം തിരഞ്ഞെടുക്കുന്നതിന് മുൻപ് സെലക്ടർമാർ ഷമിമായി സംസാരിച്ചു. എന്നാൽ, തന്റെ കായികക്ഷമതയെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നില്ല' ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കുകളാണ് 34-കാരനായ ഷമിയുടെ കരിയറിന് ഭീഷണിയാകുന്നത്. ഫോം പരിഗണിച്ചായിരുന്നില്ല, മറിച്ച് ഫിറ്റ്നസ് ആശങ്കകൾ മാത്രമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. യുവ പേസർമാർക്ക് അവസരം നൽകാൻ സെലക്ടർമാർ താൽപ്പര്യം കാണിക്കുന്നതും ഷമിയുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാക്കുഞ്ഞ്.

അതേസമയം, ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിന്റെ സാധ്യതകൾ പൂർണ്ണമായി അടഞ്ഞിട്ടില്ല. ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലെ പ്രകടനമാകും താരത്തിന്റെ ഭാവി നിർണ്ണയിക്കുക. ഈസ്റ്റ് സോണിന് വേണ്ടിയായിരിക്കും ഷമി കളത്തിലിറങ്ങുകയെന്നാണ് സൂചന. 'ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഷമിക്ക് വ്യക്തിപരമായി താൽപ്പര്യമുണ്ടോ എന്നതും അറിയേണ്ടതുണ്ട്' ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

'രഞ്ജി മത്സരങ്ങളിൽ അദ്ദേഹം ഒരു സ്പെല്ലിൽ മൂന്നോ നാലോ ഓവറുകൾ എറിഞ്ഞ ശേഷം മൈതാനം വിടാറുണ്ടായിരുന്നു. അതിനാൽ, ദിവസങ്ങൾ നീളുന്ന മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിന്റെ കാൽമുട്ടിനും സാധിക്കുമോ എന്നത് ഒരു പ്രധാന ചോദ്യമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Similar News