അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അസാധാരണ നീക്കങ്ങള്‍; ടീം മാനേജ്‌മെന്റിനോട് ബിസിസിഐ വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ടുകള്‍

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അസാധാരണ നീക്കങ്ങള്‍

Update: 2025-12-23 08:26 GMT

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്താനോട് പരാജയം വഴങ്ങിയതിന് പിന്നാലെ അസാധാരണ നടപടിക്ക് ഒരുങ്ങി ബിസിസിഐ. സാധാരണയായി നടക്കാറുള്ള അവലോകന യോഗത്തിന് പുറമേ പരാജയത്തില്‍ ടീം മാനേജ്‌മെന്റിനോട് ബിസിസിഐ വിശദീകരണം തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനെതിരെ 191 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഇന്ത്യന്‍ കൗമാരപ്പട വഴങ്ങിയത്.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രകടനം പ്രത്യേകമായി വിലയിരുത്താനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിവ്യൂ മീറ്റിങ്ങിന് പുറമെ തോല്‍വിയെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ ഭാരവാഹികള്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 22 തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ബിസിസിഐ ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 21ന് നടന്ന പാകിസ്താനെതിരായ ഫൈനലില്‍ ചില ഇന്ത്യന്‍ താരങ്ങളുടെ അതിരുകടന്ന പെരുമാറ്റങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സരത്തിനിടെ പലപ്പോഴും ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ പുറത്താക്കിയതിന് ശേഷം പ്രകോപനപരമായ തരത്തില്‍ ആഘോഷിച്ച പാക് പേസര്‍ അലി റാസയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രകോപനം തുടര്‍ന്നതോടെ ആയുഷും റാസയ്ക്ക് നേരെ തിരിഞ്ഞിരുന്നു.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയും അലി റാസയുമായി വാക്‌പോരിലേര്‍പ്പെട്ടിരുന്നു. പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിക്കുകയായിരുന്നു. പാക് താരത്തിന്റെ പ്രകോപനം തുടര്‍ന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു.

Tags:    

Similar News