നിര്‍ണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; നായകന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചാം ടെസ്റ്റിനില്ല, തോളിന് പരിക്കേറ്റ താരം പുറത്ത്; ടീമില്‍ നാലു മാറ്റങ്ങള്‍

നിര്‍ണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; നായകന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചാം ടെസ്റ്റിനില്ല

Update: 2025-07-30 12:13 GMT

ലണ്ടന്‍: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യക്കെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ടീമിന് പുറത്തായി. വ്യാഴാഴ്ച ഓവലിലാണ് പരമ്പരയിലെ അവസാനത്തെ മത്സരം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ആതിഥേയര്‍. അവസാന കളിയില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര നേടാനാകും. സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഓലീ പോപ്പാണ് ടീമിനെ നയിക്കുക.

ജേക്കബ് ബേത്തെല്‍ ആറാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങും. ഇംഗ്ലണ്ട് ടീമില്‍ മൂന്നു മാറ്റങ്ങള്‍ കൂടിയുണ്ട്. പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കേഴ്‌സ്, സ്പിന്നര്‍ ലിയാം ഡോസന്‍ എന്നിവരും കളിക്കില്ല. പകരം ഗസ് അറ്റ്കിന്‍സണ്‍, ജോഷ് ടോങ്, ജാമീ ഓവര്‍ട്ടണ്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. ക്രീസ് വോക്‌സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

മാഞ്ചസ്റ്ററിലെ ഓര്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ടെസ്റ്റിന്റെ അവസാന ദിവസങ്ങളില്‍ ഓള്‍ റൗണ്ടര്‍ സ്റ്റോക്‌സിനെ തോളിലെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ 24 ഓവര്‍ എറിഞ്ഞ താരം രണ്ടാം ഇന്നിങ്‌സില്‍ 11 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. പരമ്പരയില്‍ ഗംഭീര ഫോമിലുള്ള സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്.

രണ്ടു തവണ തുടര്‍ച്ചയായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത താരം, ബാറ്റിങ്ങിലും സെഞ്ച്വറി നേടി തിളങ്ങി. ഒരു ടെസ്റ്റില്‍ അഞ്ചു വിക്കറ്റും സെഞ്ച്വറിയും നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലീഷ് താരമാണ് സ്റ്റോക്‌സ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഓലീ പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജേക്കബ് ബെത്തെല്‍, ജമീ സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജമീ ഓവര്‍ട്ടന്‍, ജോഷ് ടോങ്.

Tags:    

Similar News