രഞ്ജി ട്രോഫിയിൽ ബംഗാളിന് തുടർച്ചയായ രണ്ടാം ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 141 റൺസിന്; എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി; ഉർവിൽ പട്ടേലിന് സെഞ്ചുറി; ഷഹബാസ് അഹമ്മദ് കളിയിലെ താരം
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാൾ ടീമിന് തകർപ്പൻ വിജയം. ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗാൾ 141 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആകെ എട്ട് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇതോടെ രഞ്ജി ട്രോഫിയിൽ ബംഗാളിന്റെ തുടർച്ചയായ രണ്ടാം വിജയമായി ഇത്. ആദ്യ മത്സരത്തിൽ ബംഗാൾ ഉത്തരാഖണ്ഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.
327 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 185 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്. ഗുജറാത്തിനായി പുറത്താകാതെ 109 റൺസ് നേടിയ ഉർവിൽ പട്ടേൽ സെഞ്ചുറി പ്രകടനം ശ്രദ്ദേയമായി. 45 റൺസെടുത്ത ജയ്മീത് പട്ടേലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 13 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്തിനായി രണ്ടക്കം കടന്ന മറ്റൊരു താരം. ബംഗാളിനായി ഷമിക്ക് പുറമെ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റുകൾ നേടി.
ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗാൾ ഒന്നാം ഇന്നിംഗ്‌സിൽ 279 റൺസിന് പുറത്തായിരുന്നു. സുമന്ത് ഗുപ്ത (63), സുദീപ് കുമാർ ഗരാമി (56), അഭിഷേക് പോറൽ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 167 റൺസിന് പുറത്തായി. മനൻ ഹിംഗ്രാജിയയുടെ 80 റൺസാണ് ഗുജറാത്തിനായി എടുത്തുപറയത്തക്ക പ്രകടനം. ഷഹബാസ് ആറ് വിക്കറ്റുകളും ഷമി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ബംഗാളിന് 112 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ ബംഗാൾ 8 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. സുദീപ് കുമാർ (54), അനുസ്തൂപ് മജുംദാർ (58) എന്നിവർ തിളങ്ങി.
ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചീഫ് സെലക്റ്റർ അജിത് അഗാർക്കറിനെതിരെ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താൻ ഫിറ്റല്ലെന്ന അഗാർക്കറുടെ പ്രസ്താവനയോട് ഷമി ശക്തമായി പ്രതികരിച്ചു. 'അഗാർക്കർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. ഞാൻ ഫിറ്റാണോ അല്ലയോ എന്ന് ഈ മത്സരം കണ്ട നിങ്ങൾക്ക് ബോധ്യമായല്ലോ,' ഷമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശയും അദ്ദേഹം പങ്കുവെച്ചിരുന്നു.
