കോലിയുടെയും ഗെയ്ക്വാദിന്റെയും സെഞ്ചുറിക്ക് മറുപടിയുമായി എയ്ഡന്‍ മാര്‍ക്രം; അര്‍ധ സെഞ്ചുറിയുമായി മാത്യു ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും; റായ്പുരില്‍ റണ്‍മല കടന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ നാലുവിക്കറ്റിന് കീഴടക്കി; പരമ്പരയില്‍ ഒപ്പത്തിനൊപ്പം
റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. കോലിയുടെയും ഗെയ്ക്വാദിന്റെയും സെഞ്ചുറിക്ക് അതേനാണയത്തില്‍ എയ്ഡന്‍ മാര്‍ക്രം സെഞ്ചുറിയുമായി മറുപടി നല്‍കിയപ്പോള്‍ മാത്യു ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അര്‍ധസെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ ജയം യാഥാര്‍ത്ഥ്യമാക്കി. അതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1 - 1) പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ഏകദിന മത്സരം ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കും.
റായ്പൂരില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 49.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു സന്ദര്‍ശകര്‍. 110 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മാത്യൂ ബ്രീറ്റ്സ്‌കെ (64 പന്തില്‍ 68), ഡിവാള്‍ഡ് ബ്രേവിസ് (34 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഋതുരാജ് ഗെയ്കവാദ് (105), വിരാട് കോലി (102) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (43 പന്തില്‍ പുറത്താവാതെ 66) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മാര്‍കോ യാന്‍സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. അര്‍ഷ്ദീപിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച്. എട്ടുറണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും നായകന്‍ തെംബ ബാവുമയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പത്താം ഓവറില്‍ ടീമിനെ അമ്പത് കടത്തിയ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ പരുങ്ങലിലായി. മാര്‍ക്രം അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു ടീം. ക്യാപ്റ്റന്‍ ബാവുമയെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്സ്‌കെയെ ഒരു വശത്തുനിര്‍ത്തി മാര്‍ക്രം അടിച്ചുതകര്‍ക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. അതോടെ പ്രോട്ടീസ് സ്‌കോര്‍ കുതിച്ചു. വൈകാതെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മാര്‍ക്രമിനെ പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. 98 പന്തില്‍ നിന്ന് 110 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 ഫോറുകളും നാല് സിക്സറുകളുമടങ്ങുന്നതാണ് ഇന്നിങ്സ്. മാര്‍ക്രം - ബ്രീറ്റ്സ്‌കെ സഖ്യം 70 റണ്‍സ് കൂടി ചേര്‍ത്തു.
മാര്‍ക്രം പുറത്തായെങ്കിലും ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. അതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. വെടിക്കെട്ടോടെ ബ്രവിസ് അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ ബ്രീറ്റ്സ്‌കെയും അമ്പത് കടന്നതോടെ ടീം 280 കടന്നു. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ബ്രവിസിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 92 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 68 റണ്‍സെടുത്ത ബ്രീറ്റ്സ്‌കെയും മടങ്ങിയതോടെ പ്രോട്ടീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലായി. മാര്‍കോ യാന്‍സന്‍ (2) പുറത്താവുകയും ടോണി ഡി സോര്‍സി (17) പരിക്കേറ്റ് കയറുകയും ചെയ്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. എന്നാല്‍ കോര്‍ബിന്‍ ബോഷ് (26), കേശവ് മഹാരാജ് (10) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി.
ഇന്ത്യക്ക് ആശിച്ച തുടക്കം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം ഇന്ത്യ 14 റണ്‍സ് നേടി. രണ്ടാം ഓവറില്‍ ലുങ്കി എന്‍ഗിഡയും മൂന്ന് വൈഡെറിഞ്ഞെങ്കിലും ഇന്ത്യക്ക് 8 റണ്‍സെ നേടിനായുള്ളു. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ ടോപ് ഗിയറിലായി. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ വിക്കറ്റിന് പിന്നില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച ബര്‍ഗര്‍ തിരിച്ചടിച്ചു. 8 പന്ത് നേരിട്ട രോഹിത് 14 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി നേരിട്ട നാാലം പന്തില്‍ എന്‍ഗിഡിക്കെതിരെ സിക്സ് അടിച്ചാണ് ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ നാന്ദ്രെ ബര്‍ഗറിനെതിരെ ജയ്സ്വാളും സിക്സ് അടിച്ചു. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മാര്‍ക്കോ യാന്‍സനെ ബൗണ്ടറിയടിച്ചാണ് കോലി വരവേറ്റത്. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്‍സറില്‍ ജയ്സ്വാളിനെ കോര്‍ബിന്‍ ബോഷിന്റെ കൈകളിലെത്തിച്ച് യാന്‍സന്‍ രണ്ടാം പ്രഹരമേല്‍പ്പിച്ചു.
വീണ്ടും കോലി
രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ വിരാട് കോലി കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ സിക്സ് അടിച്ച് അക്കൗണ്ട് തുറന്ന കോലി അതിവേഗം സ്‌കോര്‍ ചെയ്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോര്‍ ഉയര്‍ത്തിയ കോലി തുടക്കത്തില്‍ റുതുരാജിന്റെ സമ്മര്‍ദ്ദമകറ്റി. 47 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. ഒരു ഘട്ടത്തില്‍ റുതുരാജിന് ഏറെ പിന്നിലായിരുന്ന കോലി അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച് ഒപ്പം പിടിച്ചു. ഒരുഘട്ടത്തില്‍ രണ്ടുപേരും 92 റണ്‍സിലെത്തിയെങ്കിലും തുടര്‍ച്ചയായ ബൗണ്ടറികളോടെ റുതുരാജ് 79 പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ റുതുരാജ് പുറത്തായെങ്കിലും രാഹുലിനെ സാക്ഷി നിര്‍ത്തി കോലി 90 പന്തില്‍ 53-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ മടങ്ങുകയും ചെയ്തു.
രാഹുലിന്റെ ഇന്നിംഗ്സാണ്
ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ഇന്നിംഗ്സാണ് ഇന്ത്യയെ 350 കടത്താന്‍ സഹായിച്ചത്. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (1) റണ്ണൗട്ടായെങ്കിലും രവീന്ദ്ര ജഡേജയ്ക്കൊപ്പം (27 പന്തില്‍ 24) ചേര്‍ന്ന് രാഹുല്‍ 69 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ജഡേജ രണ്ട് ഫോര്‍ നേടി. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
