'കുള്ളനായതുകൊണ്ട് ഉയരം പ്രശ്നമാകില്ല'; എൽ.ബി.ഡബ്ല്യു അപ്പീൽ നിരസിച്ചതോടെ വിവാദ പരാമർശം; ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ്; ജസ്പ്രീത് ബുമ്രക്കെതിരെ ആരാധകർ

Update: 2025-11-14 08:08 GMT

കൊൽക്കത്ത: ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്കെതിരെ കടുത്ത വിമർശനം. കൊൽക്കത്തയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. ബുമ്രയുടെ വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ് ഇത് പുറത്തറിഞ്ഞത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും, റിയാൻ റിക്കിൾടൺ, ഏയ്ഡൻ മാർക്രം എന്നിവരെ പുറത്താക്കി ബുമ്ര കൂട്ടുകെട്ട് തകർത്തു.

തുടർന്ന് ക്രീസിലെത്തിയ നായകൻ ടെംബ ബാവുമയ്‌ക്കെതിരായ എൽ.ബി.ഡബ്ല്യു അപ്പീൽ അമ്പയർ അനുവദിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഡി.ആർ.എസ് എടുക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെയാണ് ബുമ്രയുടെ വിവാദ പരാമർശം. ഉയരം കൂടിയ പന്തെറിഞ്ഞതിന് റിഷഭ് പന്ത് ബുമ്രയോട് ചോദ്യം ചെയ്തപ്പോൾ, "ബാവുമ കുള്ളനായതുകൊണ്ട് ഉയരം പ്രശ്നമാകില്ല" എന്നായിരുന്നു ബുമ്രയുടെ പ്രതികരണം.

ഇത് കേട്ട് മറ്റ് താരങ്ങൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട്, പന്ത് ഉയരം കൂടിയതായി പറയുകയും റിവ്യു എടുക്കാതെ ബുമ്ര ബൗളിംഗ് എന്‍ഡിലേക്ക് മടങ്ങിപ്പോവുകയുമായിരുന്നു.ബാവുമ പിന്നീട് 3 റൺസെടുത്ത ശേഷം പുറത്തായി. സംഭവം വൈറലായതോടെ ബുമ്രക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്. 

Tags:    

Similar News