പെര്‍ത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; അഞ്ച് വിക്കറ്റ് നഷ്ടം; കോഹ്ലിക്ക് പിന്നാലെ രാഹുലും പുറത്ത്; പൂജ്യത്തിന് പുറത്തായി രണ്ട് താരങ്ങള്‍: പ്രതീക്ഷയായി പന്ത്
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ തുടക്കത്തിലെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ബാക്ക് ഫൂട്ടിലാണ്. ആദ്യ മണിക്കൂറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും പാറ്റ് കമിന്‍സിന്റെയും പന്തുകള്‍ ആത്മവിശ്വാസത്തോടെ നേരിട്ട കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ രാഹുലും പുറത്തായതോടെ ഇന്ത്യ പരുങ്ങുകയാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി റിഷഭ് പന്തും, എട്ട് റണ്‍സുമായി ധ്രുവ് ജുറലുമാണ് ക്രീസില്‍. യശസ്വി ജയ്സ്വാളിന്റെയും(0) മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും(0) വിരാട് കോലിയുടെയും(5) കെ.എല്‍ രാഹുല്‍(26) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്കി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ജയ്സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പടിക്കല്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്കിന്റെയും ഹേസല്‍വുഡിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി. ഒടുവില്‍ 23 പന്ത് നേരിട്ട പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു.
ഓസീസ് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്. രാഹുലും കോലിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്റെ അപ്രതീക്ഷിത ബൗണ്‍സിന് മുന്നില്‍ കോലി(5) വീണു. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന് ഖവാജ കൈയിലൊതുക്കുകയായിരുന്നു. പിന്നീട് പിടിച്ച് നില്ക്കാന് രാഹുലിനും സാധിച്ചില്ല. അലക്സ് ക്യാരിക്ക് ക്യാച്ച് നല്കി രാഹുലും മടങ്ങി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി. പേസ് ഓള് റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.