'ഇനി മേലാൽ ആവർത്തിക്കരുത്'; അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ ഏറ്റുമുട്ടിയ സംഭവം; കോഹ്‌ലിക്കെതിരെ ഐസിസിയുടെ നടപടി; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ അരങ്ങേറ്റ താരം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടിയ വിരാട് കോലിക്കെതിരെ നടപടിയുമായി ഐസിസി. 19-കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതിനിടയിലാണ് ചൊടിപ്പിക്കാന്‍ കോഹ്ലി ശ്രമം നടത്തിയത്. മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സാണ് കോണ്‍സ്റ്റാസ് നേടിയത്. പ്രതിരോധിക്കാതെ ആക്രമണശൈലിയില്‍ ബാറ്റേന്തിയ 19-കാരനായ കോണ്‍സ്റ്റാസ് ബുംറയെ അടക്കം ഭയമില്ലാതെ നേരിട്ടു. താരം രണ്ട് സിക്‌സും ആറ് ഫോറും നേടിയിരുന്നു. ഈ രണ്ട് സിക്‌സുകളും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രക്കെതിരെ ആയിരുന്നു.
ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെയാണ് കോഹ്ലി അങ്ങോട്ട് പോയി താരത്തിന്റെ തോളില്‍ ഇടിച്ചത്. അനാവശ്യമായി പ്രകോപ്പിച്ചതിനാണ് ഐസിസി പിഴ ചുമത്തിയത്. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ അടയ്‌ക്കേണ്ടത്. ഇതിനിടെ കോലിക്ക് നിരവധി ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. കോലി അനാവശ്യമായി വെറുപ്പ് ഉണ്ടാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കോലി ഇടിച്ചതിന് ശേഷം ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നുമുണ്ടായിരുന്നു. സഹഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അംപയര്‍മാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറക്കെതിരെ സിക്‌സര്‍ പറത്തുന്ന എട്ടാമത്തെ ബാറ്ററായി കോണ്‍സ്റ്റാസ് റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടി. കോണ്‍സ്റ്റാസ് ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് അടിച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ 4,483 പന്തുകള്‍ക്ക് ശേഷം സിക്‌സ് നേടുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ്. അതുവരെ 4,483 പന്തുകള്‍ ബുമ്ര സിക്‌സ് വഴങ്ങാതെ ബുമ്ര എറിഞ്ഞിട്ടുണ്ട്.
അതേസമയം നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെയും, ഉസ്മാന്‍ ഖ്വജ, മര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികച്ച പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 68 റണ്‍സ് നേടിയ സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ക്രീസിൽ. ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായി. ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി.