ഐപിഎൽ മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും?; രാജസ്ഥാൻ റോയൽസ് അധികൃതർ സന്ദർശനം നടത്തി; സ്ഥിരീകരിച്ച് കെസിഎ
തിരുവനന്തപുരം: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകാൻ സാധ്യത. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലെ സ്റ്റേഡിയത്തിനുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന്, ടീം പുതിയ വേദികൾ പരിഗണിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബ് അധികൃതർ കാര്യവട്ടത്ത് സന്ദർശനം നടത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സെക്രട്ടറി വിനോദ് എസ്. കുമാർ സ്ഥിരീകരിച്ചു.
ഐപിഎൽ മത്സരങ്ങൾ ലഭിക്കുകയാണെങ്കിൽ കെസിഎ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വിനോദ് എസ്. കുമാർ വ്യക്തമാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീൻഫീൽഡ് സ്റ്റേഡിയം എല്ലാ നിലയിലും പൂർണ്ണ സജ്ജമാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള നിരവധി മത്സരങ്ങൾ തുടർച്ചയായി ഇവിടെ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.
അടുത്തിടെ കാര്യവട്ടത്ത് നടന്ന വനിതാ ടി20 മത്സരം കാണുന്നതിനായി രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയിരുന്നു. ജയ്‌പൂരിലെ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില പ്രശ്നങ്ങളാണ് പുതിയ വേദികൾ തേടാൻ ടീമിനെ പ്രേരിപ്പിക്കുന്നത്. വിവിധ വേദികൾ പരിഗണനയിലുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കെസിഎ സ്റ്റേഡിയത്തിൽ കോർപറേറ്റ് ബോക്സുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിവരികയാണ്. ബിസിസിഐ തുടർച്ചയായി മത്സരങ്ങൾക്കായി കാര്യവട്ടം സ്റ്റേഡിയം പരിഗണിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ നിരവധി കടമ്പകൾ കടക്കാനുണ്ടെന്നും വിനോദ് എസ്. കുമാർ ചൂണ്ടിക്കാട്ടി.