'വിവാഹത്തിനിടയില്‍ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി, ക്രിക്കറ്റ് താരങ്ങള്‍ തല്ലിച്ചതച്ചു'; ആ വിവാഹ മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സ്മൃതിയുടെ സുഹൃത്ത്; അടിസ്ഥാന രഹിതമായ ആരോപണമെന്ന് പലാഷ്
'വിവാഹത്തിനിടയില്‍ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ആദ്യം വിവാഹം മാറ്റിവെയ്ക്കുകായിരുന്നു എന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് സ്മൃതി വിവാഹത്തില്‍നിന്ന് പിന്മാറിയതായി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും പങ്കുവെച്ചു. ഇതിന് പിന്നാലെ സ്മൃതി വിവാഹം ചെയ്യേണ്ടിയിരുന്ന ഗായകന്‍ പലാഷ് മുച്ഛലിനെതിരെ ഒട്ടേറെ ആരോപണങ്ങളുയര്‍ന്നു. പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിജ്ഞാന്‍ മാനെ. വിവാഹാഘോഷത്തിനിടെ പലാഷിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തില്‍ കണ്ടുവെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചുവെന്നും വിജ്ഞാന്‍ പറയുന്നു. താന്‍ സ്മൃതിയുടെ ബാല്യകാല സുഹൃത്താണെന്നും മന്ദാന കുടുംബമാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.
ഒരു സിനിമയുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ പലാഷ് തന്റെ കൈയില്‍നിന്ന് തട്ടിയെടുത്തുവെന്നും വിജ്ഞാന്‍ പറയുന്നു. 'നസാരിയ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ കബളിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാന്‍, സാംഗ്ലി പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പലാഷ് പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും പലാഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സമൂഹത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിനായാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പലാഷ് കുറിച്ചു. ' സാംഗ്ലിയില്‍ നിന്നുള്ള വിദ്യാന്‍ മാനെ എന്നൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധവും തെറ്റുമാണ്. എന്റെ ഇമേജ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ എന്റെ അഭിഭാഷകന്‍ ശ്രേയാന്‍ഷ് മിത്രെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. നിയമവഴിയേ നേരിടാനാണ് തീരുമാനം'- എന്നായിരുന്നു പലാഷിന്റെ കുറിപ്പ്.
2025 നവംബര്‍ 23നാണ് പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി വാര്‍ത്തകള്‍ പുറത്തുവരികയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിപ്പുമുണ്ടായി. പലാഷ് സ്മൃതി ചതിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് അപ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആരും സ്ഥിരീകരിച്ചിരുന്നില്ല. ഒടുവില്‍ ഡിസംബറില്‍ വിവാഹം ഉപേക്ഷിച്ചുവെന്ന് സ്മൃതി സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
