'വാൾ വീശുന്ന ആഘോഷം ഞാൻ കണ്ടിട്ടുണ്ട്, ജഡേജയ്ക്ക് പരിക്കേൽക്കാനുള്ള ഒരു മാർഗ്ഗം അതുമാത്രമാണ്'; രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ബ്രെറ്റ് ലീ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ കായികക്ഷമതയെയും ഫോമിനെയും പ്രശംസിച്ച് ഓസ്‌ട്രേലിയൻ മുൻ പേസർ ബ്രെറ്റ് ലീ. എന്നാൽ, അർധസെഞ്ചുറിയോ സെഞ്ചുറിയോ നേടുമ്പോൾ ബാറ്റുകൊണ്ട് 'വാൾ വീശുന്ന' ജഡേജയുടെ ആഘോഷരീതി പരിക്കിന് കാരണമായേക്കാമെന്നും ലീ മുന്നറിയിപ്പ് നൽകി.
ജഡേജയുടെ പ്രശസ്തമായ ആഘോഷത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന് പരിക്കേൽക്കാൻ സാധ്യതയുള്ള ഏക മാർഗം ഇതാണെന്ന് ലീ അഭിപ്രായപ്പെട്ടു. 'ജഡേജ വാൾ വീശുന്ന ആഘോഷം ഞാൻ കണ്ടിട്ടുണ്ട്. ഒരുപക്ഷേ, അതുവഴി മാത്രമേ അദ്ദേഹത്തിന് പരിക്കേൽക്കാൻ സാധ്യതയുള്ളൂ. എനിക്ക് ആ ആഘോഷം ഇഷ്ടമാണ്. എന്നാൽ സ്വന്തം ശരീരം ശ്രദ്ധിക്കണം. ആഘോഷം അതിരുവിടരുത്' ബ്രെറ്റ് ലീ പറഞ്ഞു.
ഒരു ക്രിക്കറ്റ് കളിക്കാരന് ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്, എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാനകാര്യങ്ങൾ അദ്ദേഹം നന്നായി ചെയ്യുന്നു, ലളിതമായ ഒരു സാങ്കേതികതയുണ്ട്. അദ്ദേഹം കൃത്യമായി പന്തെറിയുന്നു, ആവശ്യമുള്ളപ്പോൾ ശരിയായ ലൈനും ലെങ്തും കണ്ടെത്താനാകുന്നു, വേഗത്തിൽ ഓവറുകൾ പൂർത്തിയാക്കുന്നുവെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
നിലവില്‍ 85 ടെസ്റ്റ് മത്സരങ്ങളിലെ 128 ഇന്നിങ്‌സില്‍ നിന്നും 3386 റണ്‍സ് ആണ് ജഡേജയുടെ സമ്പാദ്യം. മാത്രമല്ല 159 ഇന്നിങ്‌സില്‍ നിന്ന് 33 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 മത്സരങ്ങളില്‍ നിന്ന് 86 ശരാശരി 516 റണ്‍സാണ് താരം അടിച്ചെടുത്തത്. പരമ്പര സമനിലയിൽ കലാശിച്ചിരുന്നു.