ദ്രാവിഡും ലക്ഷ്മണും കളം ഒഴിഞ്ഞപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലെ പകരക്കാരന്‍; ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; ഇന്ത്യന്‍ ടീമിന്റെ രണ്ടാം 'വന്‍മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരം; രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര്‍ പൂജാര

രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര്‍ പൂജാര

Update: 2025-08-24 06:45 GMT

രാജ്കോട്ട്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. തലമുറ മാറ്റത്തിന് ശേഷം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് എക്‌സ് പോസ്റ്റിലൂടെ 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. 206* റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 19 സെഞ്ചറിയും 35 അര്‍ധ സെഞ്ചറിയും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി അവസാനം കളിച്ചത് 2023ലാണ്. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച പൂജാര 51 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര പാഡണിഞ്ഞു.

2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യ തോറ്റ ഫൈനലില്‍ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്‌കോര്‍. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി വളര്‍ന്ന പൂജാര സാങ്കേതികത്തികവിന്റെയും പിഴവറ്റ പ്രതിരോധത്തിന്റെയും പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.

കാല്‍മുട്ടിനു മുകളിലേക്ക് ഉയരാത്ത ബാറ്റ് ലിഫ്റ്റ്, ബോളര്‍ റണ്ണപ് തുടങ്ങുന്നതു മുതല്‍ പന്ത് തിരികെ ബോളറുടെ കയ്യില്‍ എത്തുന്നതു വരെ പന്തില്‍ നിന്നു കണ്ണെടുക്കാത്ത ഏകാഗ്രത, ഒപ്പം ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും, രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 'വന്‍മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയ താരമാണ് ചേതേശ്വര്‍ പൂജാര.

രാജ്‌കോട്ട് പോലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുക എന്ന ആഗ്രഹവുമായി എത്തിയ തനിക്ക് ക്രിക്കറ്റ് ആഗ്രഹിച്ചതിലധികം നല്‍കിയെന്നും വിടവാങ്ങല്‍ കുറിപ്പില്‍ പൂജാര വ്യക്തമാക്കി. ഇന്ത്യക്കായും സാരാഷ്ട്രക്കായും കളിക്കാന്‍ അവസരം ഒരുക്കിയ ബിസിസിഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും മറ്റ് ടീം ഉടമകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പൂജാര വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ ടെസ്റ്റ് സ്‌പെഷലിസ്റ്റുകള്‍ കളി മതിയാക്കാന്‍ ഒരുങ്ങിയപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലേക്ക് അവര്‍ക്കൊരു പകരക്കാരനെ അന്വേഷിച്ച ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു മുന്നില്‍ വന്ന ആദ്യ ഓപ്ഷനായിരുന്നു പൂജാര. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 51.90, ലിസ്റ്റ് എ മത്സരങ്ങളില്‍ 56.50 എന്നിങ്ങനെ ബാറ്റിങ് ശരാശരിയുമായി ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞാടിയ സമയത്താണ് പൂജാരയെ ടെസ്റ്റ് ടീമിലേക്കു വിളിക്കുന്നത്. 2010 ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ പൂജാര ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും (4 റണ്‍സ്) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറിയുമായി (89 പന്തില്‍ 72) വരവറിയിച്ചു. ഒരു വര്‍ഷത്തിനിപ്പുറം ദ്രാവിഡും ലക്ഷ്മണും വിരമിച്ചതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ അവിഭാജ്യഘടകമായി പൂജാര മാറി.

വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ പിച്ചുകളിലെ ഭേദപ്പെട്ട പ്രകടനം പൂജാരയെ ടീമിലെ വിശ്വസ്തനാക്കി മാറ്റി. കരിയറില്‍ 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 43.61 റണ്‍സ് ശരാശരിയില്‍ 7195 റണ്‍സ് നേടിയ പൂജാര, ഇന്ത്യയില്‍ കളിച്ച 51 ടെസ്റ്റ് മത്സരങ്ങളില്‍ 52.59 റണ്‍സ് ശരാശരിയില്‍ 3839 റണ്‍സ് നേടി. എന്നാല്‍ വിദേശത്തു കളിച്ച 52 ടെസ്റ്റ് മത്സരങ്ങളില്‍ 36.48 ആണ് പൂജാരയുടെ ബാറ്റിങ് ശരാശരി. വിദേശത്തെ മങ്ങിയ പ്രകടനത്തിന്റെ കുറവ് നാട്ടിലെ മികച്ച ഇന്നിങ്‌സുകളിലൂടെയാണ് പൂജാര മറികടന്നത്. 2017ല്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് പൂജാരയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.

2017ല്‍ 67.06 ആയിരുന്നു ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ് ശരാശരി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 38.05 ആയി കുറഞ്ഞു. അവിടം തൊട്ടാണ് പൂജാരയുടെ വീഴ്ച ആരംഭിക്കുന്നത്. 2019ല്‍ ബാറ്റിങ് ശരാശരി 46.09 ആയി ഉയര്‍ന്നെങ്കിലും 2020ല്‍ അത് 20.38 ലേക്ക് വീണു. ടീമില്‍ നിന്ന് പൂജാര ഏറക്കുറെ പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് 2021ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പരമ്പരയില്‍ 29.20 ശരാശരിയില്‍ 271 റണ്‍സാണ് പൂജാര നേടിയത്. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ ബൗണ്‍സറുകള്‍ ശരീരത്തിലേക്ക് ഏറ്റുവാങ്ങി 'പ്രതിരോധം' തീര്‍ത്ത പൂജാരയെ അന്ന് ക്രിക്കറ്റ് ലോകം ആഘോഷിച്ചു. പൂജാരയുടെ ടെസ്റ്റ് കരിയറിന് ആയുസ്സ് നീട്ടിനല്‍കിയത് ഈ പരമ്പരയായിരുന്നു. എന്നാല്‍ വീണ്ടും രാജ്യാന്തര മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ പൂജാരയ്ക്ക് അവസാനത്തെ പിടിവള്ളി ഇക്കഴിഞ്ഞ ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ് ഫൈനലായിരുന്നു. പക്ഷേ, അവിടെയും പിഴച്ചതോടെ (14,27 എന്നിങ്ങനെയായിരുന്നു ഫൈനലില്‍ പൂജാരയുടെ സ്‌കോര്‍) പുറത്തേക്കുള്ള വഴിയൊരുങ്ങി.

ട്വന്റി20 ശൈലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ബാസ്‌ബോള്‍ രീതിയുടെ വരവും ഒരുപരിധിവരെ പൂജാരയുടെ പുറത്താകലിനു കാരണമാണ്. ടെസ്റ്റില്‍ സ്‌ട്രൈക്ക് റേറ്റിനു പ്രസക്തിയില്ലെന്ന് കരുതിയ കാലം കഴിഞ്ഞു. 44.37 ആണ് പൂജാരയുടെ കരിയര്‍ സ്‌ട്രൈക്ക് റേറ്റ്. അമിത പ്രതിരോധത്തില്‍ ഊന്നിയ ബാറ്റിങ്ങിന്റെ പേരില്‍ പൂജാര പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിനൊപ്പം ബാറ്റിങ് ശരാശരിയും താഴേക്കുവന്നത് പൂജാരയ്ക്ക് തിരിച്ചടിയായി.cheteshwar-pujara

Tags:    

Similar News