വനിതാ അണ്ടര്‍ 23 ട്വന്റി 20: ആവേശപ്പോരാട്ടത്തില്‍ ഝാര്‍ഖണ്ഡിനെ ആറ് റണ്‍സിന് തോല്പിച്ച് കേരളം
വനിതാ അണ്ടര്‍ 23 ട്വന്റി 20: ഝാര്‍ഖണ്ഡിനെ ആറ് റണ്‍സിന് തോല്പിച്ച് കേരളം
ഗുവാഹത്തി : വിമന്‍സ് അണ്ടര്‍ 23 ട്വന്റി 20യില്‍ ഝാര്‍ഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാര്‍ഖണ്ഡ് 19.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നേടിയ ഝാര്‍ഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ കേരള ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ വലിയ സ്‌കോര്‍ നേടാനായില്ല. 24 റണ്‍സെടുത്ത പി അഖിലയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അജന്യ ടി പി 17ഉം നിത്യ ലൂര്‍ദ്ദ് 16ഉം, ദിയ ഗിരീഷ് 14ഉം റണ്‍സ് നേടി. ഝാര്‍ഖണ്ഡിന് വേണ്ടി ഷംപി, ചന്ദ്മുനി പൂര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാര്‍ഖണ്ഡിന് വേണ്ടി ഓപ്പണര്‍ ഇള ഖാന്‍ 45 റണ്‍സുമായി മികച്ച പ്രകടനം കാഴ്ച വച്ചു. ഇഷ കേശ്രി 16ഉം ശിഖ 17ഉം റണ്‍സെടുത്തു. ഇവരൊഴിച്ച് മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. 19.4 ഓവറില്‍ 101 റണ്‍സിന് ഝാര്‍ഖണ്ഡ് ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.