സ്‌കോര്‍ 192 റണ്‍സില്‍ നില്‍ക്കെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഇഷ ഒസ റിട്ടയേഡ് ഔട്ടായി; പിന്നാലെ അര്‍ധ സെഞ്ചറി നേടിയ തീര്‍ഥ സതീഷും റിട്ടയേഡ് ഔട്ട്; പിന്നീട് ഒന്‍പതു ബാറ്റര്‍മാരും ഗ്രൗണ്ടിലെത്തി ഒരു റണ്‍ പോലുമെടുക്കാതെ ഡ്രസിങ് റൂമിലേക്കു മടങ്ങി; എന്നിട്ടും യുഎഇ കളി ജയിച്ചു; ക്രിക്കറ്റില്‍ പുതിയ 'അത്ഭുതം'

Update: 2025-05-11 01:21 GMT

ബാങ്കോക്ക്: ബാറ്റ്‌സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ മാത്രമേ മത്സരം ജയിക്കാന്‍ കഴിയൂവെന്ന ധാരണ ഇനി മാറും. കളി തോല്‍ക്കാതിരിക്കാന്‍ ടീമിലെ 11 താരങ്ങളെയും റിട്ടയേര്‍ഡ് ഔട്ടാക്കി യുഎഇ വനിതാ ടീമിന്റെ തന്ത്രം ലോക ക്രിക്കറ്റില്‍ അപൂര്‍വ്വതയായി മാറുന്നു. ജയിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ ക്രീസില്‍ നില്‍ക്കരുതെന്ന തന്ത്രം വിജയിക്കുകയും ചെയ്തു. മത്സരത്തിന് മഴ ഭീഷണിയുണ്ടായിരുന്നതിനാല്‍ അര്‍ഹിച്ച വിജയം നഷ്ടമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു യുഎഇ വനിതാ താരങ്ങള്‍ ഇത്തരമൊരു നീക്കം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

വനിതാ ട്വന്റി20 ലോകകപ്പ് ഏഷ്യാ റീജ്യന്‍ ക്വാളിഫയര്‍ മത്സരത്തിലായിരുന്നു നാടകീയ നീക്കം. ഖത്തറിനെതിരെയാണ് യുഎഇ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. രണ്ടാമത് ബാറ്റ് ചെയ്ത ഖത്തറിനെ ചെറിയ സ്‌കോറിനു പുറത്താക്കി യുഎഇ വനിതകള്‍ 163 റണ്‍സ് വിജയം സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ ആ തീരുമാനം വിജയമായി മാറി. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത യുഎഇ വിക്കറ്റു പോകാതെ 192 റണ്‍സെടുത്തുനില്‍ക്കെയാണ് അത്ഭും തുങ്ങുന്നത്. മഴ പെയ്യുമെന്ന ആധിയിലായിരുന്നു തീരുമാനം. 20-20 മത്സരത്തില്‍ ഫലം ഉണ്ടാകണമെങ്കിലും ഇരു ടീമുകളും കുറഞ്ഞത് ആറ് ഓവര്‍ ബാറ്റ് ചെയ്യണം.

എതിരാളിയുടെ ടീം കുറഞ്ഞത് ആറ് ഓവര്‍ ബാറ്റ് ചെയ്തുവെന്ന് ഉറപ്പിക്കാനായിരുന്നു യുഎഇയുടെ തന്ത്രം. മഴക്കോള് ആകാശത്ത് എത്തിയപ്പോള്‍ തന്നെ കൂറ്റ സ്‌കോറില്‍ എത്തി. ട്വന്റി20 ക്രിക്കറ്റില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ സാധിക്കില്ല. ടെസ്റ്റു ക്രിക്കറ്റിലാണെങ്കില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് എതിരാളികളെ ബാറ്റ് ചെയ്യിക്കാം. അതിന് 20-20യില്‍ കഴിയാത്തതിനാല്‍ യുഎഇ എല്ലാ ബാറ്റര്‍മാരെയും റിട്ടയേര്‍ഡ് ഔട്ടാക്കി തിരികെ വിളിക്കുകയായിരുന്നു. ഇതോടെ അതിവേഗം ഖത്തറിനെ ബാറ്റിംഗിന് എത്തിക്കാനായി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

യുഎഇ സ്‌കോര്‍ 192 റണ്‍സില്‍ നില്‍ക്കെ 55 പന്തില്‍ 113 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷ ഒസ റിട്ടയേഡ് ഔട്ടായി മടങ്ങി. തൊട്ടുപിന്നാലെ അര്‍ധ സെഞ്ചറി നേടിയ തീര്‍ഥ സതീഷും (42 പന്തില്‍ 74) റിട്ടയേഡ് ഔട്ടായി. പിന്നീട് ഒന്‍പതു ബാറ്റര്‍മാരും ഗ്രൗണ്ടിലെത്തി ഒരു റണ്‍ പോലുമെടുക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഇതോടെ ഇന്നിംഗ്‌സ് അവസാനിച്ചു. ദുര്‍ബലരായ ഖത്തറിനു മുന്നില്‍ 193റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ യുഎഇ, 11.1 ഓവറില്‍ 29 റണ്‍സിന് ഓള്‍ഔട്ടാക്കി.

കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച യുഎഇ ഒന്‍പതു പോയിന്റുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി. നേരത്തേ മലേഷ്യയ്‌ക്കെതിരെ യുഎഇ ഒന്‍പതു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.

Similar News