'തീവ്രവാദികളെ വളര്‍ത്തുകയും അഭയംനല്‍കുകയും ചെയ്യുന്നു'; പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരെ മുന്‍ പാക് ക്രിക്കറ്റര്‍

'തീവ്രവാദികളെ വളര്‍ത്തുകയും അഭയംനല്‍കുകയും ചെയ്യുന്നു'

Update: 2025-04-24 09:32 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കുറ്റപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിച്ചു.

പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണെന്ന് പറഞ്ഞ കനേരിയ, ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ പങ്കില്ലെങ്കില്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇതുവരെ അതിനെ അപലപിക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ഉള്ളിന്റെ ഉള്ളില്‍, നിങ്ങള്‍ക്ക് സത്യം അറിയാം. നിങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങള ഓര്‍ത്ത് നാണക്കേട് തോന്നുന്നു', കനേരിയ എക്സില്‍ കുറിച്ചു.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേദന പങ്കുവച്ച് മുന്‍ പാക് താരം മുഹമ്മദ് ഹഫീസും രംഗത്തെത്തി. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിനു പിന്നാലെ പാകിസ്താനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തുവന്നത്.

മുന്‍പും തുറന്നു പറച്ചിലുകളിലൂടെ കനേരിയ വിവാദ നായകനായിട്ടുണ്ട്. പാകിസ്ഥാനില്‍ വലിയ വിവേചനം നേരിടേണ്ടി വന്നതായും തന്റെ കരിയര്‍ നശിപ്പിക്കപ്പെട്ടുവെന്നും കനേരിയ തുറന്നു പറഞ്ഞിട്ടുണ്ട്.

'എങ്ങനെയാണ് പാക്കിസ്ഥാനിലുണ്ടായിരുന്ന പെരുമാറ്റം എന്ന അനുഭവം പങ്കുവെയ്ക്കാനാണ് ഇവിടെ കൂടിയിട്ടുള്ളത്. ഞങ്ങള്‍ വിവേചനം നേരിട്ടു, ഇന്ന് ഞങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തി' എന്നാണ് കനേരിയ പറഞ്ഞത്. 'എനിക്ക് വിവേചനം നേരിട്ടിട്ടുണ്ട്. എന്റെ കരിയറിനെ നശിപ്പിച്ചു. പാകിസ്ഥാനില്‍ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാന്‍ ഇന്ന് യുഎസിലാണ്' എന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

കളിച്ചുകൊണ്ടിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി പലതവണ മതംമാറാന്‍ പറഞ്ഞിരുന്നതായി ഡാനിഷ് കനേരിയ നേരത്തെ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ച ഒരോയൊരു ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്കാണെന്നും കനേരിയ നേരത്തെ പറഞ്ഞിരുന്നു.

'കരിയറില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം ഉള്‍ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാന്‍ കളിക്കാരും എന്നെ വളരെയധികം ശല്യപ്പെടുത്തി, എന്നോടൊപ്പം ഭക്ഷണം കഴിച്ചില്ല' എന്നും കനേരിയ പറഞ്ഞു.

Tags:    

Similar News