ഇത്തവണ ഐപിഎൽ നേടാൻ പോകുന്നത് ആ ടീം; ഫൈനലിൽ കളിയിലെ താരമാകുന്നത് മുൻ സഹതാരം; ഐപിഎൽ ജേതാക്കളെ പ്രവചിച്ച് ഡേവിഡ് വാര്‍ണർ

Update: 2025-06-01 12:06 GMT

മുംബൈ: ഐപിഎൽ കലാശ പോരാട്ടത്തിന് ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. ആദ്യ ക്വാളിഫയര്‍ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനൽ പ്രവേശനം നേടി കഴിഞ്ഞു. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിന്റെ വിജയിയാവും ബെംഗളൂരുവിനെ ഫൈനലിൽ നേരിടുന്നത്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ടീമുകളിൽ ഒന്നായ പഞ്ചാബും 5 തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈയും തമ്മിൽ ആവേശകരമായ മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇത്തവണ ഐപിഎൽ കിരീടം ആര് നേടുമെന്നതുമായി ബന്ധപ്പെട്ട പ്രവചനങ്ങളുമായി മുൻ താരങ്ങളും, വിദഗ്ദ്ധരടക്കമുള്ളവരും രംഗത്തുണ്ട്. ഇപ്പോഴിതാ ക്വാളിഫയര്‍-2 മത്സരത്തിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നാണ് വാര്‍ണറുടെ പ്രവചനം. ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും വാര്‍ണര്‍ പറ‍ഞ്ഞു. സമൂഹ മാധ്യമമായ എക്സിൽ ഒരു ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വാര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ഫോമിലാണ് ബെംഗളൂരു.

2016ലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനമായി ഐപിഎല്ലിന്റെ ഫൈനലിലെത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ അന്ന് ബെംഗളൂരുവിന് അടിയറവ് പറയേണ്ടി വന്നു. 2009, 2011 സീസണുകളിലും ബെംഗളൂരു ഫൈനലിൽ എത്തിയിരുന്നു. ഏകദേശം 10 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബെംഗളൂരു വീണ്ടുമൊരു ഫൈനലിലെത്തിയിരിക്കുന്നത്. ഐപിഎല്ലിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇത്തവണ കലാശപ്പോരിന് ഇറങ്ങുക. അതേസമയം ആരാകും ബെംഗളൂരുവിന്റെ എതിരാളികൾ എന്ന് ഇന്നറിയാം.

Tags:    

Similar News