ഇന്ത്യ 450ല്‍ ഡിക്ലയര്‍ ചെയ്തുകൂടെ, അഞ്ചാം ദിനം മഴ പെയ്യുമെന്ന് ഹാരി ബ്രൂക്ക്; മഴ പെയ്താല്‍ അത് ഞങ്ങളുടെ നിര്‍ഭാഗ്യമെന്ന് ഗില്ലിന്റെ മറുപടി; ഡിക്ലയര്‍ ചെയ്യാന്‍ വൈകിയത് ബാസ്‌ബോളിനെ പേടിച്ചിട്ടാണോ? ബര്‍മിങ്ഹാമില്‍ മൂടിക്കെട്ടിയ അന്തരീക്ഷം; ആദ്യ സെഷന്‍ ഇരുടീമുകള്‍ക്കും നിര്‍ണായകം
ബര്‍മിങ്ഹാമില്‍ മൂടിക്കെട്ടിയ അന്തരീക്ഷം; ആദ്യ സെഷന്‍ ഇരുടീമുകള്‍ക്കും നിര്‍ണായകം
ബര്‍മിങ്ഹാം: ബര്‍മിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയ ഇന്ത്യ അഞ്ചാം ദിനത്തില്‍ ജയപ്രതീക്ഷയിലാണ്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ 536 റണ്‍സാണ് വേണ്ടത്. 72 റണ്‍സിനിടെ മൂന്ന് വിക്കറ്റ് എടുത്ത ഇന്ത്യക്ക് ആകട്ടെ ജയിക്കാന്‍ ഇനി വേണ്ടത് ഏഴ് വിക്കറ്റും.
180 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ 427-6 ന് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയോടെ മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുദിനം മാത്രം ബാക്കി നില്‍ക്കേ ഇന്ത്യ ചരിത്രജയം സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ഇന്ത്യയുടെ ഡിക്ലയറിങ്ങിനെ ചുറ്റിപ്പറ്റി വിമര്‍ശനമുന്നയിക്കുകയാണ് ആരാധകര്‍.
രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ എന്തിനാണ് ഇത്രയും സമയമെടുത്തെന്നാണ് ഉയരുന്ന ചോദ്യം. നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായ ഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാമായിരുന്നില്ലേ എന്നാണ് ഉന്നയിക്കപ്പെടുന്നത്. ആ ഘട്ടത്തില്‍ ഇന്ത്യക്ക് 591 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ കളി തുടരുകയാണ് ചെയ്തത്.
പിന്നാലെ നിതീഷ് കുമാര്‍ പുറത്തായിട്ടും ഇന്നിങ്സ് അവസാനിപ്പിക്കാനുള്ള വിളിയെത്തിയില്ല. കളി തുടരാനാണ് തീരുമാനമെടുത്തത്. ഇന്ത്യ ആ ഘട്ടത്തില്‍ 412-6 എന്ന നിലയിലായിരുന്നു. ജഡേജയും സുന്ദറും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയെ പേടിച്ചാണോ ലീഡ് ഉയര്‍ത്താന്‍ തീരുമാനമെടുത്തതെന്ന് പലരും ചോദിക്കുന്നു. കാരണം ഒന്നാം ടെസ്റ്റില്‍ അവസാനദിനം ഇംഗ്ലണ്ട് 350 റണ്‍സ് അടിച്ചെടുത്തിരുന്നു. അത് മുന്നില്‍ക്കണ്ടാണോ ലീഡ് ഉയര്‍ത്തിയതെന്ന സംശയവും ഉന്നയിക്കപ്പെടുന്നു.
അതിനിടെ നാലാം ദിനം രണ്ടാം സെഷനില്‍ രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്കിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടന്‍ വിമര്‍ശിച്ചിരുന്നു. രവീന്ദ്ര ജഡേജ കുറച്ചുകൂടി വേഗത്തില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് നേരത്തെ ഡിക്ലയര്‍ ചെയ്യാനാവുമെന്നായിരുന്നു ആതര്‍ട്ടന്റെ വിമര്‍ശനം. നാലാം ദിനം ചായക്ക് ശേഷമുള്ള സെഷനില്‍ ഗംഭീറിന്റെ നിര്‍ദേശം ലഭിച്ചതിനുശേഷമാണ് ജഡേജ വേഗം കൂട്ടിയതെന്നും ഇത് ഇന്ത്യയുടെ വിജയ സാധ്യതകളെ ബാധിക്കാനിടയുണ്ടെന്നും ആതര്‍ട്ടന്‍ പറഞ്ഞിരുന്നു.
അതേ സമയം അവസാന ദിനം മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ശുഭ്മാന്‍ ഗില്ലിനോട് നടത്തിയ സംഭാഷണം വൈറലായിരുന്നു. നാലാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ബ്രൂക്കിന്റെ കമന്റ്.
ശുഭ്മാന്‍ 450ല്‍ ഡിക്ലയര്‍ ചെയ്തുകൂടെ, അഞ്ചാം ദിനം മഴ പെയ്യും, ഉച്ചവരെ മഴ പെയ്യുമെന്നായിരുന്നു ഹാരി ബ്രൂക്ക് ക്രീസിലുള്ള ഗില്ലിനോട് പറഞ്ഞത്. എന്നാല്‍ മഴ പെയ്താല്‍ അത് ഞങ്ങളുടെ നിര്‍ഭാഗ്യമെന്നായിരുന്നു ഇതിന് ഗില്ലിന്റെ മറുപടി. അങ്ങനെയെങ്കില്‍ സമനില പോരെ എന്നായിരുന്നു ഹാരി ബ്രൂക്ക് ഇതിന് മറുപടി നല്‍കിയത്.
ബര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് നാലാം ദിനം 72-3 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. അവസാന ദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി.
ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരെ നഷ്മായ ഇംഗ്ലണ്ട് 536 വിജയലക്ഷ്യം നേടാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മഴമൂലം ഓവറുകള്‍ നഷ്ടമായാല്‍ ഇന്ത്യയുടെ വിജയസാധ്യതകളെ അത് ബാധിക്കും. ബര്‍മിംഗ്ഹാമില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മഴ പെയ്തിരുന്നു. മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 മണിവരെ മഴ പെയ്യുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം
ഒന്നാമിന്നിങ്സില്‍ 180 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്സില്‍ ആറ് വിക്കറ്റിന് 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്ന ഗില്‍ രണ്ടാമിന്നിങ്സില്‍ 161 റണ്‍സടിച്ചു. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എല്‍. രാഹുല്‍ (55) എന്നിവര്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങി. കരുണ്‍ നായര്‍ 26 റണ്‍സിന് പുറത്തായി. ഇതോടെയാണ് ഇന്ത്യയ്ക്ക് മൊത്തം 607 റണ്‍സ് ലീഡ് ലഭിച്ചത്.